ന്യൂഡൽഹി: എഐസിസി അധ്യക്ഷൻസ്ഥാനം രാഹുൽഗാന്ധി ഏറ്റെടുക്കില്ലെന്ന് ഉറപ്പായത്തോടുകൂടി നേതൃത്വം കടുത്ത ആശങ്കയിലായി. അദ്ദേഹത്തെ സമ്മതിപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. എഐസിസി തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇതിനോടകം തുടക്കംകുറിച്ചിട്ടുണ്ട്. പ്രസിഡന്റിനെ അനൗദ്യോഗികമായി തീരുമാനിച്ചശേഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതാണ് കോൺഗ്രസിൻ്റെ കീഴ്വഴക്കം. ആഗസ്ത് 21 മുതൽ സെപ്തംബർ 20വരെയാണ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ പല സംസ്ഥാനത്തും തെരഞ്ഞെടുപ്പ് നടപടികൾ അവതാളത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ കനത്ത തോൽവിക്ക് ശേഷമാണ് 2019 മെയ് 25ന് രാഹുൽഗാന്ധി അധ്യക്ഷൻസ്ഥാനമൊഴിഞ്ഞത്. തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയഗാന്ധിയെ നിയമിക്കുകയായിരുന്നു. ആരോഗ്യകാരണങ്ങളാൽ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരണമെന്ന ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായത്തോട് രാഹുലും സോണിയയും യോജിക്കുന്നില്ല. പ്രിയങ്ക നയിച്ച യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിൻ്റെ പ്രകടനം ദയനീയമായിരുന്നു.
‘ഗാന്ധികുടുംബത്തിന്’ പുറത്തുള്ളയാൾ വരട്ടേയെന്ന് രാഹുൽ ആവർത്തിക്കുന്നു. ഇത്തരത്തിൽ ആരെയെങ്കിലും തെരഞ്ഞെടുക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത സംവിധാനമാണ് കോണ്‍ഗ്രസിലേത്. രാഹുൽ തയ്യാറല്ലെങ്കിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞുതരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭക്തചരൺ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജൂലൈ 21 മുതൽ ആഗസ്ത് 20 വരെ പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ ഇതൊന്നും പൂർത്തിയാകാത്ത സാഹചര്യത്തിൽ പുതിയസമയക്രമം തീരുമാനിക്കാൻ പ്രവർത്തകസമിതി യോഗം ഉടൻ ചേർന്നേക്കും.