സ്റ്റാലിൻ സർക്കാരുമായി കൊമ്പുകോർത്ത് തമിഴ്നാട് ഗവർണർ എൻ എൻ രവി. സംസ്ഥാന സർക്കാർ തമിഴ്നാട് നിയമസഭയിൽ പാസാക്കിയെടുത്ത ഇരുപത്തിയൊന്ന് ബില്ലുകളാണ് ഒപ്പുവെക്കാതെ ഗവർണർ മാറ്റിവെച്ചത്. ഇതിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽ നിഷിപ്തമാക്കുന്ന ബില്ലും ഉൾപ്പെടും. വി സി നിയമനം സർക്കാരിൽ നിഷിപ്തമാക്കുന്ന ബിൽ കഴിഞ്ഞ ഏപ്രിൽ മാസം സർക്കാർ പാസാക്കിയെങ്കിലും ഇതുവരെയും ഗവർണർ ഒപ്പുവെച്ചില്ല.
ബിൽ ഒപ്പുവെക്കാതെ മാറ്റിവെച്ച ഗവർണർ എൻ എൻ രവി ഈ കാലയളവിനുള്ളിൽ മൂന്നുപേരെ വൈസ് ചാൻസലർമാരായി നിയമിച്ചു. അളഗപ്പ സർവകലാശാല, മനോൻമണ്യം സുന്ദരനാർ സർവകലാശാല, തിരുവള്ളുവർ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു ഗവർണർ വി സിമാരെ നിയമിച്ചത്. ഈ നിയമനം ഗവർണറോ രാജ്ഭവനോ സ്റ്റാലിൻ സർക്കാരിനെ അറിയിച്ചിരുന്നില്ല.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത നിലയാണ്. ഇത് സർവകലാശാലകളിൽ ഭരണപരമായ തടസ്സമുണ്ടാക്കുന്നു. ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണിത് എന്ന നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞിരുന്നു. ബില്ലുകളിൽ ഒപ്പുവെക്കാത്ത ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മന്ത്രിമാർ വിട്ടു നിൽക്കുകയും ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തിയിരുന്നു. ഗവർണർ ബിജെപിയുടെ ചട്ടുകമായി എന്ന ആരോപണം കേരളത്തിലും നിലനിൽക്കുന്നുണ്ട്.