രാജ്യത്തെ ജനങ്ങളെ ഷോക്കടിപ്പിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. വൈദ്യുതി ബില്ലിൽ പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഓരോ മാസവും വൈദ്യുതി നിരക്ക് വർദ്ധിച്ചേക്കും. സ്വകാര്യ കമ്പനികൾക്ക് യാതൊരു നിയന്ത്രണവും കൂടാതെ വൈദ്യുതി വിതരണ മേഖലയിലേക്ക് കടന്നുവരാം, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏതൊരു കമ്പനിക്കും അപേക്ഷ നൽകി എഴുപത്തിയഞ്ച് ദിവസത്തിനുള്ളിൽ റെഗുലേറ്ററി കമ്മീഷൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകണം, സ്വകാര്യ വൈദ്യുതി വിതരണകമ്പനികൾ ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ രജിസ്ട്രേഷനുള്ള അധികാരം കേന്ദ്ര റഗുലേറ്ററി അതോറിറ്റിക്ക്, വൈദ്യുതി വാങ്ങൽ കരാർ പ്രകാരം ലഭ്യമാകുന്ന വൈദ്യുതി എല്ലാ കമ്പനികൾക്കുമായി പങ്കുവയ്ക്കണം എന്ന് തുടങ്ങി സംസ്ഥാന വൈദ്യുതി ബോർഡിനെ ദുർബലപ്പെടുത്തുന്ന നിരവധി
വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
വൈദ്യുതി വിതരണ മേഖലയിലെ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവരുന്നത് രാജ്യത്തെ ഫെഡറലിസത്തിന് വിരുദ്ധവുമാണെന്ന് സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കുന്നതിലൂടെ മത്സരം കടുക്കുമെന്നും ഇത് ഉപയോക്താക്കൾക്ക് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. കേന്ദ്ര സർക്കാരിന്റെ ഈ വിലയിരുത്തലിനോട് കർഷക സംഘടനകൾക്കും വൈദ്യുതി മേഖലയിലെ യൂണിയനുകൾക്കും വിയോജിപ്പുണ്ട്. കർഷകർക്കും ചെറുകിട ഉപയോക്താക്കൾക്കും ഇപ്പോൾ ലഭിക്കുന്ന ഇളവുകളും ഇല്ലാതാകുമെന്നും സ്വകാര്യ കമ്പനികൾ ലാഭം മാത്രമാകും ലക്ഷ്യം വയ്ക്കുകയെന്നും ഇവർ വിലയിരുത്തുന്നു.
നരേന്ദ്ര മോഡി ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തെ പൊതുമേഖലാ പങ്കാളിത്തം കുറച്ചു കൊണ്ടുവരികയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് പണം കണ്ടെത്തുകയും ചെയ്തിരുന്നു. നേരത്തെ ബിപിസിഎൽ, എയർ ഇന്ത്യ, എൽഐസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പൊതുമേഖലാ സ്വകാര്യവൽക്കരിച്ചാൽ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് സേവനം ലഭ്യമാകുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ പൊതുമേഖലാ തകരുകയും ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് സ്വകാര്യ മേഖല കൂടുതൽ പണം ഈടാക്കുകയും ചെയ്യുന്നു.