ഗുലാം നബി ആസാദിനെ തള്ളിപറഞ്ഞ് കോൺഗ്രസ് ദേശീയ നേതൃത്വം. ജമ്മു കശ്മീർ കോൺഗ്രസ് പുനഃസംഘടനയിൽ മുതിർന്ന നേതാവ് ഗുലാം നബി അസദിന്റെ വാദം തെറ്റാണ്. പുനഃസംഘടന സംബന്ധിച്ച് ഗുലാം നബി ആസാദുമായി നാലുതവണ ചർച്ച നടത്തി. ഗുലാം നബി ആസാദ് ആവശ്യപ്പെട്ട നേതാവിനെയാണ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതോടെ കോൺഗ്രസ് ഔദ്യോഗിക നേതൃത്വവും ജി ഇരുപത്തിമൂന്ന് നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമായി.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ കോൺഗ്രസിൻ്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. ചുമതലേയേൽപ്പിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഗുലാം നബിയുടെ രാജി. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ഗുലാം നബി ആസാദിനെ നിയമിച്ചത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയായിരുന്നു. കോൺഗ്രസ് ജമ്മു കശ്മീർ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നു കൂടി ആസാദ് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീർ കോൺഗ്രസിലെ പുനഃസംഘടനയിലുള്ള വിയോജിപ്പായിരുന്നു രാജിക്ക് കാരണം.
ഗുലാം നബി ആസാദിന്റെ അടുത്ത അനുയായി ഗുലാം ആഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പകരം വികാർ റസൂലിനെ അധ്യക്ഷനായി നിയമിച്ചത് ഈ മാസം പതിനാറിനാണ്. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് രാജിവെച്ചത്. കോൺഗ്രസിലെ തിരുത്തൽവാദ ഗ്രൂപ്പെന്ന് അറിയപ്പെടുന്ന ജി ഇരുപത്തിമൂന്ന് നേതാക്കളിൽ പ്രമുഖനാണ് ഗുലാം നബി ആസാദ്.