കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിൽക്കീസ് ബാനു. ഇത്രയും അന്യായമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല. ദയവായി ഈ തീരുമാനത്തിൽ നിന്ന് പിന്മാറാൻ ഞാൻ ഗുജറാത്ത് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഈ കുറ്റവാളികളുടെ മോചനം എന്റെ സമാധാനം ഇല്ലാതാക്കി, നീതിയിലുള്ള എന്റെ വിശ്വാസത്തെ നശിപ്പിച്ചു എന്നും ബിൽക്കീസ് ബാനു പറഞ്ഞു.
ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ നൽകണം. എന്റെ സങ്കടവും എന്റെ വിശ്വാസവും എനിക്ക് മാത്രമല്ല, കോടതികളിൽ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണ്. എനിക്ക് വാക്കുകൾ ഇല്ലാ, ഇപ്പോഴും മരവിപ്പാണ്. എങ്ങനെയാണ് ഒരു സ്ത്രീക്ക് നീതി ലഭിക്കുക. നമ്മുടെ നാട്ടിലെ പരമോന്നത കോടതികളിൽ ഞാൻ വിശ്വസിച്ചു. ഈ വ്യവസ്ഥിതിയിൽ വിശ്വസിച്ചു. പക്ഷേ എന്റെ ജീവിതത്തിൽ സംഭവിച്ച ആഘാതത്തിൽ ഞാൻ ജീവിക്കാൻ പഠിക്കുകയായിരുന്നു എന്നും ബൽക്കീസ് ബാനു വ്യക്തമാക്കി.
2022 ൽ ഗുജറാത്ത് കലാപത്തിനിടെയിലാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ബലാൽസംഘത്തിന് ഇരയാകുമ്പോൾ പത്തൊൻമ്പത് വയസുകാരിയായ ബിൽക്കീസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. പ്രതികൾ ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പ്രതികളെ ശിക്ഷിച്ചത്. കേസിൽ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു.
എന്നാൽ ജയിലിൽ പതിനഞ്ച് വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത്.