ക്രിമിനലുകൾക്ക് ബിജെപി നൽകുന്ന പിന്തുണ രാജ്യത്തെ സ്ത്രീകൾക്കെതിരായ ബിജെപിയുടെ സമീപനത്തെയാണ് വ്യക്തമാക്കുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസുകളിൽ പ്രതികളായ പതിനൊന്ന് പ്രതികളെ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഈ ഗുജറാത്ത് സർക്കാരിനെതിരെയാണ് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്.
‘ഉന്നാവോ- ബിജെപി എംഎൽഎയെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനം, കത്വ ബലാത്സംഗ കേസിലെ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി, ഹത്രാസ് ബലാത്സംഗ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ബിജെപി സർക്കാർ നേരിട്ട് ഇടപെട്ടു, ഇപ്പോഴിതാ ഗുജറാത്തിൽ ബലാത്സംഗികളെ മോചിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരിക്കുന്നു. കുറ്റവാളികൾക്കുള്ള പിന്തുണ സ്ത്രീകളോടുള്ള ബി.ജെ.പിയുടെ നിസാര മനോഭാവമാണ് കാണിക്കുന്നത്. ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് നാണമില്ലേ പ്രധാനമന്ത്രി ജീ’ എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
2022 ൽ ഗുജറാത്ത് കലാപത്തിനിടെയിലാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ബലാൽസംഘത്തിന് ഇരയാകുമ്പോൾ പത്തൊൻമ്പത് വയസുകാരിയായ ബിൽക്കീസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. പ്രതികൾ ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പ്രതികളെ ശിക്ഷിച്ചത്. കേസിൽ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു.
എന്നാൽ ജയിലിൽ പതിനഞ്ച് വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത്.