റോഹിങ്ക്യൻ അഭയാർത്ഥികളെ തടവിൽ പാർപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റോ സംരക്ഷണമോ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ല. അവരെ തിരിച്ചയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. തിരിച്ചയക്കുന്നതുവരെ തടവിൽ പാർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അറിയിപ്പ് നൽകിയത്.
എന്നാൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ദില്ലിയിൽ ഫ്ലാറ്റ് നൽകുമെന്നും, അവർക്ക് പോലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്നും നേരത്തെ കേന്ദ്ര ഭവന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു. ഇന്ത്യയിൽ അഭയം പ്രാപിച്ചവരെ ഇന്ത്യ എല്ലാ കാലത്തും സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ റോഹിങ്ക്യൻ അഭയാർത്ഥികളെയും ദില്ലിയിലെ ബക്കർവാല മേഖലയിലേക്ക് മാറ്റും. ഇന്ത്യയുടെ അഭയാർത്ഥി നയത്തെ ബോധപൂർവം സിഎഎയുമായി ബന്ധിപ്പിച്ചുകൊണ്ട് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർ നിരാശരാകും. 1951ലെ യുഎൻ അഭയാർത്ഥി കൺവെൻഷനെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. മാത്രമല്ല ജാതിയോ മതമോ വർഗമോ നോക്കാതെ അഭയം നൽകുമെന്നും ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു.
ട്വിറ്ററിലൂടെയാണ് കേന്ദ്ര ഭവന മന്ത്രി ഹർദീപ് സിങ് പുരി ഇക്കാര്യം അറിയിച്ചത്. എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഹിന്ദു വിശ്വ പരിഷത്ത് രംഗത്ത് വന്നു. അഭയാർത്ഥികളെ ഇന്ത്യയിൽ നിന്ന് എത്രയും വേഗം പുറത്താക്കണമെന്ന് ഹിന്ദു വിശ്വ പരിഷത്ത് ആവശ്യപ്പെട്ടതോടെ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.