രാജസ്ഥാനിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ കൊലപ്പെടുത്തിയ സംഭവം ജാതി കൊലയല്ലെന്ന് പോലീസ്. അന്വേഷണത്തിൽ അധ്യാപകനെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് എസ്പി ഹർഷ വർധൻ അഗർവാൾ പറഞ്ഞു.
അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ജൂലൈ ഇരുപത്തിനാലിന് ഒൻപത് വയസുകാരനെ അധ്യാപകൻ ചെയിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. രാജ്പുത് വിഭാഗത്തിൽപ്പെട്ട അധ്യാപകന് ദളിത് സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥി തൻ്റെ കുടിവെള്ള പാത്രത്തിൽ കൈവെച്ചത് ഇഷ്ടമായില്ല. ജലോർ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഓഗസ്റ്റ് പതിനാലിന് മരിച്ചു.
എന്നാൽ ചെയിൽ സിംഗ് അധ്യാപകൻ മാത്രമല്ലെന്നും സ്കൂളിന്റെ ഉടമസ്ഥനാണെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് സാക്ഷികൾ മൊഴിമാറ്റുന്നതെന്നും കൊല്ലപ്പെട്ട ഇന്ദ്ര മെഹ്വാളിൻറെ ബന്ധുക്കൾ ആരോപിച്ചു. അധ്യാപകനെതിരെ പ്രദേശത്ത് പ്രതിഷേധം തുടരുന്നുണ്ട്.