ജവാഹർലാൽ നെഹ്രുവിനെതിരായ പരാമർശങ്ങൾ കടുപ്പിച്ച് ബിജെപി. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ കർണാടക സർക്കാർ നെഹ്രുവിനെ ഒഴിവാക്കിയിരുന്നു. കർണാടക സർക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് സംഭവത്തിൽ വിശദീകരണവുമായി കർണാടക ബിജെപി രംഗത്തെത്തിയത്.
ഇന്ത്യ-പാക് വിഭജനത്തിന്റെ കാരണക്കാരൻ നെഹ്രുവാണ്. അതുകൊണ്ടാണ് നെഹ്റുവിനെ മനഃപൂർവം പരസ്യത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് കർണാടക ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും എംഎൽസിയുമായ എൻ രവികുമാർ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ഉപദേശിച്ചിരുന്നു. എന്നാൽ നെഹ്റു ഗാന്ധിജിയെ അനുസരിച്ചില്ല. ഇത് വിഭജനത്തിലേക്ക് നയിച്ചു. അതുകൊണ്ടു തന്നെ നെഹ്റുവിന്റെ ചിത്രം പരസ്യത്തിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞയാഴ്ച ബംഗളൂരു ഹഡ്സൺ സർക്കിളിൽ കോൺഗ്രസ് സ്ഥാപിച്ച പോസ്റ്റർ ഹിന്ദു വിരുദ്ധനായ ടിപ്പു സുൽക്കാനെ മഹത്വവത്കരിക്കുന്നതാണെന്നും രവികുമാർ ആരോപിച്ചു.
നേരത്തെ ഇന്ത്യ-പാക് വിഭജന ദിനത്തിൽ നെഹ്രുവാണ് വിഭജനത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചിരുന്നു. നെഹ്രുവിനെതിരെ ഏഴ് മിനുട്ട് വീഡിയോയും സമൂഹ മാധ്യമങ്ങൾ വഴി ബിജെപി പ്രചരിപ്പിച്ചിരുന്നു.