സാമൂഹ്യ പരിഷ്കർത്താവായ പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്ത സിനിമ പ്രവർത്തകൻ അറസ്റ്റിൽ. തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണനാണ് അറസ്റ്റിലായത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിൽ സംഘട്ടന സംവിധായകനായി പ്രവർത്തിച്ചു വരുന്ന കണ്ണൻ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇയാൾ ഹിന്ദു മുന്നണിയുടെ കലാ-സാംസ്കാരിക വിഭാഗത്തിന്റെ പ്രസിഡന്റാണ്. ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന പ്രതിമ തകർക്കണമെന്നാണ് ഇയാൾ ആഹ്വാനം ചെയ്തത്.
ദൈവമില്ല എന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നിൽ വയ്ക്കരുതെന്നും അത് തകർക്കണമെന്നുമാണ് കനൽ കണ്ണൻ പറഞ്ഞത്. കനൽ കണ്ണനെതിരെ തന്തൈ പെരിയാർ ദ്രാവിഡർ കഴകം പരാതി നൽകിയതോടെ കണ്ണൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെ സൈബർക്രൈം പോലീസ് കണ്ണനെതിരെ നിയമ നടപടിയെടുത്തു.