സ്വാതന്ത്ര്യ സമര സേനാനാനികളെ നിസാര വൽക്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്നത്തെ ബിജെപി സർക്കാർ സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും, രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങളെയും നിസാരവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ചരിത്രപരമായ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, അബുൽ കലാം ആസാദ് തുടങ്ങിയ മഹാനായ നേതാക്കളെ, രാഷ്ട്രീയ നേട്ടങ്ങൾക്കായി കള്ളക്കഥകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഇന്ത്യ-പാക് വിഭജനത്തിന് പിന്നിൽ ജവാഹർലാൽ നെഹ്രുവാണെന്ന് ഇന്നലെ ബിജെപി ആരോപിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് ജവാഹർലാൽ നെഹ്റുവിനെ കർണാടക സർക്കാരും ഒഴിവാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്വാതന്ത്ര്യ സമര സേനാനാനികളെ നിസാര വൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞത്. കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തിനിടയിൽ ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ മായാത്ത മുദ്ര പതിപ്പിച്ചു. കഴിവുറ്റ ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്റെ കരുത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞു.