ഇന്ത്യ – പാക് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ബൈക്ക് റൈഡർമാർ ഒത്തുകൂടി. സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ബൈക്ക് റൈഡർമാർ വർസനിൽ നിന്ന് യാത്ര ആരംഭിച്ചത്. ഇന്ത്യൻ മോട്ടോർസൈക്കിൾ റൈഡേഴ്സ് ക്ലബ് (ഐഎംആർസി), സിംഗ്സ് മോട്ടോർസൈക്കിൾ ക്ലബ് (എസ്എംസി), പാകിസ്ഥാൻ റൈഡേഴ്സ് ഗ്രൂപ്പ് (പിആർജി) എന്നിവിടങ്ങളിൽ നിന്നുള്ള 50 ഓളം റൈഡർമാരാണ് ഒത്തുകൂടിയത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പതാകയും സംഗീത ഉപകരണങ്ങളും യാത്രയിൽ ഉപയോഗിച്ചു.
‘ഞങ്ങൾ അയൽക്കാരാണ്. ഞങ്ങൾ ഒരേ മണ്ണിൽ നിന്നാണ് വരുന്നത്. ഈ നാട്ടിൽ നമ്മൾ ഒരുമിച്ചാണ് സഹോദരങ്ങളെ പോലെ ജീവിക്കുന്നത്. ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തിക്കാനും ഞങ്ങൾ ആഗ്രഹിച്ചു. പരസ്പരം സ്നേഹിക്കുകയും പരിപാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമാധാനം കൈവരിക്കാൻ കഴിയൂ’ എന്ന് എസ്എംസിയുടെ സ്ഥാപകനും നേതാവുമായ ഗുർനാം സിങ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചാണ് സ്വതന്ത്രമായത്. പാക്കിസ്ഥാൻ ആദ്യമിറക്കിയ സ്റ്റാമ്പിൽ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു. എന്നാൽ 1948 മുതലാണ് തീയതി മാറ്റി. ഓഗസ്റ്റ് 14ന് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തീരുമാനിച്ചു. പാക്കിസ്ഥാനുള്ള അധികാര കൈമാറ്റ ചടങ്ങ് നടന്നത് 1947 ഓഗസ്റ്റ് 14ന് കറാച്ചിയിൽ വച്ചാണ്. ആ വർഷം ഓഗസ്റ്റ് 14നായിരുന്നു ഇസ്ലാമിക കലണ്ടറിലെ റമദാൻ 27. മുസ്ലിംകൾക്ക് ഏറെ പ്രാധാന്യമുള്ള ദിനമാണ് റമദാൻ 27. ഇക്കാര്യം കൂടി പരിഗണിച്ചാണ് പാക്കിസ്ഥാൻ ഭരണകൂടം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് പതിനാലാക്കി മാറ്റിയത്.