അധികാര സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തമ്മിലടി ബീഹാറിലേക്കും വ്യാപിക്കുന്നു. ബിഹാറിൽ മഹാസഖ്യ സർക്കാർ യാഥാർഥ്യമായതോടെയാണ് കോൺഗ്രസിൽ പുതിയ തർക്കം ഉടലെടുത്തത്. ബീഹാർ നിയമസഭയിൽ പത്തൊൻമ്പത് അംഗങ്ങളുള്ള കോൺഗ്രസിൽ ഭൂരിപക്ഷ എംഎൽഎമാരും മന്ത്രിസ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചു. മഹാസഖ്യ സർക്കാരിൽ കോൺഗ്രസിന് നാല് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടയിലാണ് മന്ത്രിസ്ഥാനത്തിന് വേണ്ടി തർക്കം തുടങ്ങിയത്. എന്നാൽ മന്ത്രിസ്ഥാനം വേണ്ടെന്നും സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുമെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഛത്രപതി യാദവാണ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ആദ്യം കത്തുനൽകിയത്. പാർട്ടിയുടെ ഏക യാദവ എംഎൽഎയാണ് താനെന്നും അച്ഛൻ രാജേന്ദ്ര പ്രസാദ് യാദവ് മൂന്നുമന്ത്രിസഭയിൽ അംഗമായിരുന്നെന്നും അതുകൊണ്ട് തനിക്കും മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നും കാണിച്ചാണ് കത്തയച്ചത്. അതേസമയം ഭരണം കിട്ടുന്ന സംസ്ഥാനങ്ങളിൽ മന്ത്രിസ്ഥാനത്തിന് തമ്മിലടിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.