ഹിമാചൽ പ്രദേശിൽ ദേശീയ പാത തകർന്നു. ഷംലെച്ച് ഗ്രാമത്തിന് സമീപം ഇന്നലെ ഉച്ചയോടെയാണ് ഷിംല-ഛണ്ഡീഗഡ് എക്സ്പ്രസ് വേ തകർന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ദേശീയ പാതയുടെ പണി പൂർത്തിയായത്. മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇരുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം ഗതാഗതത്തിനായി യാത്രക്കാർക്ക് റോഡ് തുറന്നു നൽകിയത് തിങ്കളാഴ്ചയാണ്.
മഴയെ തുടർന്ന് റോഡിൽ വലിയ കുഴി രൂപപ്പെടുകയായിരുന്നു. കുഴിക്ക് നൂറു മീറ്റർ ആഴമുണ്ട്. ഒരു കാർ ദേശീയ പാതയിലുള്ള ഈ കുഴിയിൽ വീണു. കാറിലുണ്ടായിരുന്ന അഞ്ചുപേർക്കും കാര്യമായ പരിക്കുകളില്ല. റോഡ് നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേടുണ്ടെന്നും അതാണ് ദേശീയ പാതയിലെ കുഴിക്ക് കാരണമെന്നും ആരോപണങ്ങൾ ഉയർന്നു. ദേശീയ പാതയിലെ കുഴികൾക്ക് കാരണം നിർമ്മാണത്തിലെ അപാകതകളാണെന്ന് അൽപ്പം മുൻപ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. കേരളത്തിൽ ദേശീയ പാതയിലെ കുഴിൽ വീണ് യാത്രികൻ മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേശീയ പാത നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി രാജ്യത്തിന്റെ വിവിധ ഭഗങ്ങളിൽ നിന്ന് ആരോപണമുണ്ട്.