ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടിയുമായി ബിജെപി വിദ്യാർത്ഥി സംഘടന എബിവിപി. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് പതിനൊന്നിന് ഭാരത്മാത പൂജ സംഘടിപ്പിക്കുമെന്ന് അറിയിച്ചുള്ള എബിവിപി ബാനറിൽ ദേശീയ പതാകയ്ക്ക് പകരമായി കാവിക്കൊടി ഉപയോഗിച്ചു. എല്ലാവരും സമൂഹ മാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ പിക്ച്ചറക്കണമെന്ന് പ്രധാനമന്ത്രി മോഡി ആഹ്വനം ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായ പരിപാടിയിൽ എബിവിപി കാവിക്കൊടി ഉപയോഗിക്കുന്നത്.
അതേസമയം ക്യാമ്പസുകളിൽ ഹൈക്കോടതി മതചിഹ്നം നിരോധിച്ച സാഹചര്യത്തിലാണ് മംഗളൂരു യൂണിവേഴ്സിറ്റി കോളേജിൽ എബിവിപി പൂജ നടത്താൻ തീരുമാനിച്ചത്. ക്യാമ്പസിൽ ഹിജാബ് നിരോധിച്ചുള്ള കർണാടക സർക്കാരിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി, ക്യാമ്പസുകളിൽ എല്ലാത്തരം മതചിഹ്നങ്ങളും ഒഴിവാക്കണമെന്ന് നിർദേശിച്ചു. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രിൻസിപ്പൽ കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഹിന്ദുമതപ്രകാരമുള്ള പൂജയ്ക്ക് കോളേജ് പ്രിൻസിപ്പൽ അനുമതി നൽകിയതായി എബിവിപി നേതാവും മംഗളൂരു യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റുമായ ധീരജ് സപലിക പറഞ്ഞു.