കർണാടക ബിജെപിയിൽ തർക്കം രൂക്ഷമായതോടെ ബസവരാജ് ബൊമ്മയ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തം. ബിജെപി യുവജന സംഘടനയായ യുവമോർച്ചയും സംഘപരിവാർ സംഘടനകളുമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. സാധാരണക്കാരനായ മുഖ്യമന്ത്രിയെന്ന വിശേഷണമാണ് ബസവരാജ് ബൊമ്മയ്ക്ക്. എന്നാൽ മുഖ്യമന്ത്രിയായ ശേഷം പാർട്ടി പ്രവർത്തകരെ പോലും സംരക്ഷിക്കാൻ ബൊമ്മയ്ക്ക് സാധിക്കുന്നില്ലെന്നാണ് യുവമോർച്ചയുടെ വിമർശനം.
പാർട്ടി പ്രവർത്തകരോട് മാത്രമല്ല മന്ത്രിസഭാംഗങ്ങളോടും വിവേചനപരമായാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ബൊമ്മയുമായി അടുത്ത ബന്ധമില്ലാത്ത മന്ത്രിമാരുടെ ഫയലുകൾപോലും പരിഗണിക്കുന്നില്ലെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രിയുമായി മന്ത്രിസഭയിലെ ഭൂരിപക്ഷ അംഗങ്ങൾ അതൃപ്തിയിലായതോടെ ബില്ലവ വിഭാഗം ബൊമ്മയ്ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് എതിർപ്പ് അറിയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം ബാക്കി നിൽക്കെ മുഖ്യമന്ത്രിക്കെതിരായ പാർട്ടിക്കുള്ളിലെ മുറവിളി ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകുന്നുണ്ട്. ബിജെപി ജനറൽ സെക്രട്ടറിമാരായ ബി.എൽ സന്തോഷ്, സി ടി രവി, മന്ത്രിമാരായ അശ്വത് നാരായൺ, സുനിൽ കുമാർ, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ തനിക്കു പകരം മുഖ്യമന്ത്രിയായി ആരെയും പരിഗണിക്കുന്നില്ലെന്ന് ബസവരാജ് ബൊമ്മയ് പറഞ്ഞു.