മോദിയുടെ ദുർമന്ത്രവാദ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി. കറുത്ത വസ്ത്രം അണിഞ്ഞ് കോൺഗ്രസ് നടത്തിയ വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തെ കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു. നിരാശ ബാധിച്ച ചിലർ ദുർമന്ത്രവാദവുമായി ഇറങ്ങിയിരിക്കുകയാണ് എന്നായിരുന്നു പരിഹാസം. കറുത്ത വസ്ത്രം അണിഞ്ഞാൽ നിരാശ മാറുമെന്ന് ചിലർ കരുതുന്നു. ദുർമന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകില്ലെന്ന് എംപിമാരുടെ പ്രതിഷേധത്തെ ഉന്നം വച്ച് മോദി വിമർശിച്ചിരുന്നു.
ഈ പരാമർഹസങ്ങൾക്കെതിരെയാണ് ശക്തമായ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നത്. അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. കൊള്ളരുതായ്മകൾ മറച്ചുവയ്ക്കാനാണ് മോദിയുടെ ശ്രമം. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാനമന്ത്രി കാണുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.