ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഉണ്ടാകില്ല. എത്രയും വേഗം വോട്ടർ പട്ടിക തയ്യാറാക്കുമെന്നും പട്ടിക തയ്യാറായാൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും നേരത്തെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി നവംബർ ഇരുപത്തിയഞ്ചിലേക്ക് നീട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെടുത്ത പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെയും ചെനാബിലെയും മഞ്ഞുകാലത്തിന് ശേഷമേ ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകു.
ഒക്ടോബർ 31ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ പേർക്ക് അവസരം നൽകാനാണ് തീയതി നീട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. കഴിഞ്ഞ മൂന്നു വർഷമായി ജമ്മു കാശ്മീരിൽ വോട്ടർ പട്ടിക പുതുക്കിയിരുന്നില്ല.