ഗുജറാത്ത് സർക്കാരിനെതിരെ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ഗാന്ധിയൻ ആശയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്ത് ശക്തിപ്രാപിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് സബർമതി ആശ്രമത്തെ ഏറ്റെടുക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും തുഷാർ ഗാന്ധി പറഞ്ഞു. ക്വിറ്റ് ഇന്ത്യാ ദിനത്തിൽ നടത്തിയ സമാധാന റാലിക്കിടയിലാണ് തുഷാർ ഗാന്ധി പ്രതികരിച്ചത്.
രാജ്യം വിദ്വേഷ രാഷ്ട്രീയത്തിന്റെ പിടിയിലാണ്, സബർമതി ആശ്രമത്തിൽ നടത്താൻ പോവുന്ന വമ്പൻ വികസന പദ്ധതി ഗാന്ധിയൻ സ്ഥാപനങ്ങളെ തട്ടിയെടുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും തുഷാർ ഗാന്ധി വ്യക്തമാക്കി. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് ക്വിറ്റ് ഇന്ത്യസമര പ്രഖ്യാപന വേദിയിൽ ഗാന്ധി പറഞ്ഞ വാക്കുകൾ എന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു. ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേലാണ് ഗുജറാത്ത് മുഖ്യമന്ത്രി. തുഷാർ ഗാന്ധിയുടെ പ്രസ്താവന ഭൂപെൻ പട്ടേൽ മന്ത്രിസഭക്ക് നൽകുന്നത് കടുത്ത പ്രത്യാഘാതമാണ്.