മഹാമാരി കൊണ്ടും ദാരിദ്ര്യം കൊണ്ടും ദുരിതത്തിലായ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ പുതിയ ആയുധത്തിനു മൂർച്ചകൂട്ടുകയാണ് ബിജെപി സർക്കാർ. കോവിഡ് 19 ന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ കേന്ദ്രസർക്കാർ മഹാമാരിയെ നേരിടാൻ ഒരു മാർഗരേഖയും പദ്ധതിയുമില്ലാതെ വൻ പരാജയമാണെന്ന് സ്വയം തെളിയിച്ചിരിക്കയാണ് ഈ സർക്കാർ. അടിസ്ഥാന സൗകര്യങ്ങളൊന്നും ഉറപ്പുവരുത്താൻ കഴിയാത്ത, പ്രാണവായുകിട്ടാതെ ജനങ്ങൾ തെരുവുകളിൽ പിടഞ്ഞ് മരിക്കുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കുകയാണ് മോഡി സർക്കാർ. മൃതദേഹങ്ങൾ പുണ്യനദികളിലൂടെ ഒഴുകി നടക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി സർക്കാർ ഇപ്പോൾ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന പൗരത്വഭേദഗതി നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഈ ദുർഘട സാഹചര്യത്തിൽ ഈ നിയമം നടപ്പാക്കുവാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനുപിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണ്. മഹാമാരിയെ തടയുന്നതിലുണ്ടായ പരാജയത്തിന്റെ പേരിൽ സർക്കാരിനെതിരെ ഉയരുന്ന ജനരോഷം വഴി തിരിച്ചുവിടുകയെന്ന ലക്ഷ്യം.
സിഎഎ-എൻആർസി നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഒരു മതനിരപേക്ഷ രാജ്യത്ത് നടപ്പിലാക്കാൻ പാടില്ലാത്ത നിയമമാണത്. എന്നിട്ടും ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങൾ ഇതേ രാജ്യത്ത് മരിച്ചുവീഴുമ്പോൾ അതിലൊരു പരിഹാരവും കണ്ടെത്താൻ കഴിയാതെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാരിന് ധൃതി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പോലും രൂപീകരിക്കുംമുൻപാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ കോടതി വാദംകേട്ട് തുടങ്ങിയിട്ട്‌പോലുമില്ല. ഹർജികൾ സുപ്രീംകോടതി പരിഗണനയ്‌ക്കെടുക്കുംമുന്നേ, പൻവാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി ദുരൂഹത വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികളിൽനിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് അഭയാർത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, കൃസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരാണ് അപേക്ഷ നൽകേണ്ടതെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
രാജ്യത്തെ 13 ജില്ലയിലെ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടി ആരംഭിച്ചത് 2009ൽ ഇറക്കിയ ചട്ടങ്ങൾ പ്രകാരമാണ്. 2019ൽ മോഡിസർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിയ്‌ക്ക് ഇതുവരെ ചട്ടം രൂപീകരിച്ചിട്ടില്ല. 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരം പൗരത്വം നൽകാനാണ് ഇപ്പോഴത്തെ നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ പറയുന്നു. എന്നാൽ, മുസ്ലിം സമുദായത്തെ ഒഴിവാക്കി പൗരത്വത്തിന് അപേക്ഷ സ്വീകരിക്കാൻ ഈ ചട്ടങ്ങളിൽ വ്യവസ്ഥയില്ല.
ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങളും ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് ഇതിനോടകം തന്നെ വ്യക്തമായി കഴിഞ്ഞ കാര്യമാണ്. ദ്വീപ് ജനത പാലിച്ചിരുന്ന കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടും സിഎഎ, എൻആർസി വിരുദ്ധ ബോർഡുകൾ പൊളിച്ചുമാറ്റി അത് സ്ഥാപിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ രംഗപ്രവേശനം നടത്തിയത്. ഇങ്ങനെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മുസ്ലീം വിരുദ്ധ, ന്യൂനപക്ഷവിരുദ്ധ ചെയ്തികളാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൽ നിന്നും ഉണ്ടാവുന്നത്.
2019ൽ കൊണ്ടുവന്ന നിയമമനുസരിച്ച് ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് 2015ന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്ലിങ്ങളായ അഭയാർഥികൾക്കാണ് പൗരത്വം നൽകുക. അഭയാർഥികൾക്ക് മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ അനാഥമാക്കുന്നതാണെന്ന് ഓർമപ്പെടുത്തി ജനലക്ഷങ്ങൾ പങ്കെടുത്ത അഭൂതപൂർവങ്ങളായ ചെറുത്തുനിൽപ്പുകളാണ് മാസങ്ങളോളം രാജ്യമാകെ പടർന്നത്. എന്തൊക്കെ സംഭവിച്ചാലും കേരളത്തിൽ സിഎഎ നടപ്പാക്കില്ലാ എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.. എന്നും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ ഇടതുപക്ഷം തന്നെയാണ് പ്രതീക്ഷ.