കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 7 വർഷമായി ജനങ്ങൾ ഭീതിയോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ.. ജനങ്ങളെന്നു വെച്ചാൽ, ഭരണഘടനയിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനങ്ങൾ. അല്ലാത്തവർക്ക് സ്വഭാവികമായും സന്തോഷമായിരിക്കുമല്ലോ?.. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതുമുതലാണ് ജനങ്ങളിൽ ഈ ഭീതി മുളച്ചുപൊന്താൻ തുടങ്ങിയത്. രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും പോറലേൽക്കുന്ന നിമിഷങ്ങളിലൂടെയായിരുന്നു നമ്മുടെ യാത്ര.. കേരളമടക്കം സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഇവിടുത്തെ മതനിരപേക്ഷ ഇടതുപക്ഷ സർക്കാർ അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചു. അപ്പോളും മനസ്സമാധാനത്തോടെ സ്നേഹത്തോടെ, സ്വാതന്ത്ര്യത്തോടെ, സഹകരണത്തോടെ ജനങ്ങൾ വസിക്കുന്ന ഒരു മനോഹര പ്രദേശമായിരുന്നു ലക്ഷദ്വീപ്. എന്നാൽ 2020 ഡിസംബറിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതോടെ, ജനങ്ങളുടെ ശാന്തജീവിതം തകർക്കാൻ എല്ലാ നടപടിയും ആരംഭിച്ചിരിക്കുന്നു. സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയാണ് ഈ നടപടികൾക്കു പിന്നിലെ പ്രധാന കാരണം. വംശീയ വിദ്വേഷത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനാണ് ശ്രമം. ഇവിടെ വസിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിം ജനവിഭാഗമാണ്. വർഗീയക്കളിക്കൊപ്പം ടൂറിസത്തിന്റെ മറവിൽ ദ്വീപിനെ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമവും തിടുക്കത്തിൽ നടന്നുവരുന്നുണ്ട്.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ബിജെപിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നു. ലക്ഷദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടരാജി പ്രഖ്യാപിക്കുന്നു.. എന്നാൽ അപ്പോളും പ്രഫുൽ പട്ടേലെന്ന അഡ്മിനിസ്ട്രേറ്റർ ആരാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.. അറിയാത്തവരെ അറിയിക്കേണ്ട ഉത്തരവാദിത്വം എല്ലാ മാധ്യമങ്ങൾക്കുമുണ്ട്. അവരത് ചെയ്യുന്നില്ലെങ്കിലും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽക്കേ ഐഎഎസ് കാരാണ് കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ പദവി വഹിക്കാറുള്ളത്. എന്നാൽ പ്രഫുൽ കെ പട്ടേൽ ഒരു ഐഎഎസുകാരനല്ല. പിന്നെയാരാണ്? മോദിയുടെ വിശ്വസ്തനായ ഒരു ആർഎസ്എസ് നേതാവ്. ഐ എ എസുകാർ മാത്രം വഹിച്ചിരുന്ന ഈ പദവി ലഭിക്കാനുള്ള ഇയാളുടെ യോഗ്യത എന്താണ്? സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
മോദിയുടെ തലതൊട്ടപ്പനായ ഗുജറാത്തിലെ മുൻകാല ആർ എസ് എസ് നേതാവ് രൺജോത് ഭായ് പട്ടേലിന്റെ മകൻ. 2010 ലെ സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷാ അകത്തായപ്പോൾ പകരക്കാരനായി വന്ന മന്ത്രി.
2012 ലെ തെരഞ്ഞെടുപ്പിൽ പട്ടേൽ തോറ്റെങ്കിലും മോദി ഇയാളെ കൈവിട്ടില്ല. 2014 ൽ പ്രധാനമന്ത്രിയായി അധികാരത്തിൽ കയറിയ ഉടൻതന്നെ അഡ്മിനിസ്ട്രേറ്റർ ആയി തന്റെ വിശ്വസ്തനെ തിരുകിക്കയറ്റി. അങ്ങനെ ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ഡിയു കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമനം. മലയാളി ഐ എ എസ് ഓഫീസറായ കണ്ണൻ ഗോപിനാഥന് 2019 ൽ തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് ഉത്തരവുകൾ നൽകി വിവാദത്തിൽ പെട്ടു. ഒടുവിൽ കണ്ണൻ ഗോപിനാഥിന്റെ പരാതിയിൽ ഇലെക്ഷൻ കമ്മീഷണർ അഡ്മിനിസ്ട്രേറ്റർക്ക് പൂട്ടിട്ടു. കഴിഞ്ഞില്ല. ഇയാളുടെ നെറികെട്ട ഇടപെടലുകളിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത് രണ്ടുപേർ. ഒന്ന് ഒരു പി ഡബ്ലൂ ഡി ഉദ്യോഗസ്ഥൻ. രണ്ട് ജനങ്ങൾ തെരഞ്ഞെടുത്ത എം പി മോഹൻ ഥേൽക്കർ.
സിൽവാസയിൽ ഏഴുതവണ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജനപിന്തുണയുള്ള ആദിവാസി നേതാവായിരുന്നു മോഹൻ ഥേൽക്കർ. ഒരുവർഷം മുൻപാണ് അദ്ദേഹം പ്രഫുൽ പട്ടേലിനെതിരെ 15 പേജുകളുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് മുംബൈയിലെ ഒരു ഹോട്ടലിൽ ആത്മഹത്യാ ചെയ്തത്. സിൽവാസയിലെ എസ്എസ്ആർ എന്ന കോളേജിന്റെ അഡ്മിനിസ്ട്രേഷൻ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഥേൽക്കറെ പ്രഫുൽ പട്ടേൽ ഉപദ്രവിച്ചിരുന്നു. 25 കോടി രൂപ നൽകിയില്ലെങ്കിൽ ഥേൽക്കറിനെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൂടാതെ ഔദ്യോഗിക പരിപാടികളിൽ നിന്ന് എംപിയെ ബോധപൂർവ്വം മാറ്റാനും അയിത്തം കൽപ്പിക്കാനും ഇയാൾ ശ്രമിച്ചു. കൂടാതെ ബിജെപിയിൽ ചേരാത്തതിന്റെയും തങ്ങളുടെ താളത്തിനൊത്ത് തുള്ളാത്തതിന്റെയും പക അഡ്മിനിസ്ട്രേറ്റർ പല തരത്തിൽ വീട്ടിയപ്പോൾ മരണമല്ലാതെ മറ്റൊരു വഴി മോഹൻ ഥേൽക്കറിന് ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ലോക്സഭാ സ്പീക്കർക്കും വരെ പരാതി നൽകിയിട്ടും ഗുണമുണ്ടായില്ല.. ഥേൽക്കറിന്റെ മരണത്തിന്മേൽ അന്വേഷണം എന്ന പേരിൽ ചില പ്രഹസനങ്ങൾ നടന്നതല്ലാതെ വേറെ ഗുണങ്ങളൊന്നും ഉണ്ടായില്ല.
ലക്ഷദ്വീപിലെ ഇയാളുടെ ഇപ്പോളത്തെ പരിഷ്കാരങ്ങൾക്ക് മറ്റൊരു കാരണം കൂടിയുണ്ട്. കടുത്ത മുസ്ലിം വിരോധം എന്നതുതന്നെ.
ദ്വീപിലെ എഴുപത്തിനായിരത്തോളം ആളുകളിൽ 99 ശതമാനവും മുസ്ലീംങ്ങളാണ്. കടുത്ത മുസ്ലീം വിരുദ്ധനായ, മോദി ഭക്തനായ ഒരു ആർഎസ്എസ്സുകാരനെ മതിയായ യോഗ്യതകളൊന്നുമില്ലാഞ്ഞിട്ടും ഇത്തരമൊരു സ്ഥലത്ത് അഡ്മിനിസ്ട്രേറ്ററാക്കി നൂലിൽ കെട്ടിയിറക്കിയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ?
ലക്ഷദ്വീപിലെ മനോഹരമായ കടൽത്തീരങ്ങൾ തങ്ങൾക്ക് തുറന്നുതരണമെന്ന് രാജ്യത്തെ കോർപറേറ്റ് മുതലാളിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അതുകൊണ്ട് നമുക്കുറപ്പിക്കാം. ലക്ഷദ്വീപിൽ കോർപറേറ്റ് സേവയുടെ, ചങ്ങാത്ത മുതലാളിത്തത്തിന്റെ പുതിയ വാതിൽ തുറക്കുകയാണ്. തീരദേശത്തെ മത്സ്യത്തൊഴിലാളികളെ നീക്കുന്നതും അവരുടെ താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റുന്നതും അവിടെ വൻകിട റിസോർട്ടുകൾ പണിയാൻ വേണ്ടിയാണെന്ന് ഉറപ്പാവുകയാണ്. ബിജെപി സർക്കാരിന്റെ മുഖമുദ്രയായ വർഗീയക്കളിയും കോർപറേറ്റ് സേവയുമാണ് ഇപ്പോൾ ലക്ഷദ്വീപിൽ അരങ്ങേറുന്നത്.