കോവിഡ് മഹാമാരി ഫലപ്രദമായി നേരിടുന്നതിൽ ഉണ്ടായ പരാജയവും ജനങ്ങളുടെ ജീവനോപാധികൾ നഷ്ടപ്പെടുത്തുന്ന നയവൈകല്യങ്ങളും അഖിലേന്ത്യാ തലത്തിൽ ബിജെപിയുടെ തകർച്ചക്ക് കരണമാകുന്നതിന്റെ സൂചനകളാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നു ലഭിക്കുന്നത്.. കേരളത്തിൽ ആകെയുണ്ടായിരുന്ന അക്കൗണ്ട് സിപിഎം പൂട്ടിക്കുകയും ദക്ഷിണേന്ത്യയിലാകമാനം കനത്ത തിരിച്ചടി ബിജെപിയ്ക്കുണ്ടാവുകയും ചെയ്തത് നമ്മൾ കണ്ടതാണ്.. ഇപ്പോളിതാ ബിജെപി കോട്ടകളിൽ പോലും വിള്ളലുകൾ വീഴുന്നു എന്ന വാർത്തകൾ ആണ് വരുന്നത്.
യോഗിയുടെ യുപിയിലാണ് ബിജെപി കോട്ടകൾ ആടിയുലയുന്നത്.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കർട്ടൻ റേസറായി കാണുന്ന പഞ്ചായത്ത്
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടിയാണുണ്ടാവുന്നത്. സുപ്രധാന കോട്ടകളിലെല്ലാം കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. ഇത് ഭരണമാറ്റത്തിനുള്ള സൂചനകളായി വേണം കാണാൻ. ഇതുവരെ ശക്തവും ഏകോപിതവുമായ പ്രതിപക്ഷമില്ലാതെ ബിജെപി തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച് പോന്നിരുന്നു. എന്നാൽ കാര്യങ്ങൾ മാറി തുടങ്ങിയെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലെ പകുതിയോളം സീറ്റുകൾ സമാജ് വാദി പാർട്ടി നേടിക്കഴിഞ്ഞതായാണ് സൂചന.
അയോധ്യയിലും വാരണാസിയിലും വളരെ ദയനീയ നിലയിലാണ്ബിജെപിയുള്ളത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ വെറും ആറെണ്ണം മാത്രമാണ് ബിജെപി നേടിയത്. ബിജെപി അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കോട്ടയായി കാണുന്ന മേഖലയാണിതെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ സമാജ് വാദി പാർട്ടി 24 സീറ്റുകളാണ് അയോധ്യയിൽ നേടിയത്. രാമക്ഷേത്ര നിർമാണമൊന്നും ഇവിടെ കാര്യമായി ബാധിച്ചിട്ടില്ല എന്നതാണ് വസ്തുത.. ബിഎസ്പി പോലും അവിടെ അഞ്ച് സീറ്റുകൾ നേടി.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ 40 പഞ്ചായത്തുകളിൽ ഏഴെണ്ണം മാത്രമാണ് ബിജെപി നേടിയത്. സമാജ് വാദി പാർട്ടി 15 സീറ്റുകൾ നേടിയെടുത്തു. അടുത്തിടെ ഇവിടെ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലും ബിജെപി തോറ്റിരുന്നു. അതേസമയം എസ്പിയുടെ കോട്ടകളിൽ അവരെ വീഴ്ത്താൻ ശ്രമിച്ച നീക്കവും ബിജെപിക്ക് തിരിച്ചടിയായി. മെയിൻപുരി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുലായം സിംഗ് യാദവിന്റെ അനന്തരവൾ സന്ധ്യ യാദവിനെയാണ് രംഗത്തിറക്കിയത്. എന്നാൽ എസ്പിയുടെ പ്രമോദ് യാദവ് ബിജെപിയെ പരാജയപ്പെടുത്തി. വലിയ തിരിച്ചടിയാണ് സന്ധ്യയുടെ തോൽവി ബിജെപിക്ക് നൽകിയിരിക്കുന്നത്. യോഗിയുടെ തട്ടകമായ ഗോരഖ്പൂരിൽ 68 വാർഡിൽ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ബിജെപി ആകെ 20 വാർഡിലും. എസ്പി 13 വാർഡിലും ലീഡ് ചെയ്യുന്നു. ഷാഹി മസ്ജിദിൻറെ പേരിൽ വിദ്വേഷം ഉയർത്തുന്ന മഥുരയിൽ ബി.ജെ.പിക്ക് എട്ടു സീറ്റുകൾ മാത്രമാണ് ജയിക്കാനായത്.
ഇങ്ങനെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ബിജെപിക്ക് തിരിച്ചടിയുണ്ടാവുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.. കോവിഡിന്റെ രണ്ടാം തരംഗത്തിലും അടിസ്ഥാന സൗകര്യങ്ങളൊന്നും ഉറപ്പാക്കാൻ രാജ്യം ഭരിക്കുന്ന ബിജെപിക്ക് സാധിച്ചില്ല.. മോദിയുടെ പിൻഗാമിയെന്ന് അറിയപ്പെടുന്ന യോഗി ആദിത്യനാഥും യുപിയിലെ കോവിഡ് പ്രതിരോധത്തിൽ വൻപരാജയമാണ്.. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് പിടഞ്ഞുമരിക്കുന്നത്.. മരണത്തിന്റെ കണക്കുകൾ പോലും കൃത്യമല്ല.. ഇതെല്ലാം തെരുഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നു എന്നുവേണം കരുതാൻ.. കാര്യങ്ങളുടെ പോക്ക് ഇത്തരത്തിലാണെങ്കിൽ വരുംനാളുകളിൽ ബിജെപിയുടെ കൂട്ടത്തകർച്ചയ്ക്കായിരിക്കും രാജ്യം സക്ഷ്യം വഹിക്കുന്നത്.. ജനങ്ങുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്തവരിൽ സംഘപ്രവർത്തകർക്ക് പോലും വിശ്വാസം നഷ്ടമായിരിക്കുന്നു എന്നതാണ് വസ്തുത.