ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ചെല്ലോ ഷോ’യിലെ ബാലതാരം അന്തരിച്ചു. ചിത്രത്തിലെ ആറ് പ്രധാനപ്പെട്ട ബാലതാരങ്ങളിൽ ഒരാളെ അവതരിപ്പിച്ച രാഹുൽ കോലിയാണ് തൻ്റെ 15-ാം വയസിൽ ലോകത്തോട് വിടപറഞ്ഞത്. അർബുദമാണ് ഈ കുട്ടി താരത്തിൻ്റെ ജീവൻ എടുത്തത്.
ഞായറാഴ്ച മുതൽ രാഹുലിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. കൂടാതെ മൂന്ന് തവണ രക്തം ഛർദിച്ചതായും പിതാവ് രാമു കോലി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇദ്ദേഹത്തിൻ്റെ മൂത്ത മകനാണ് രാഹുൽ. സംവിധായകൻ പാൻ നളിൻ്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ചെല്ലോ ഷോ.
താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ തൻ്റെ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യിലൂടെ അവതരിപ്പിക്കുന്നത്.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഭവിൻ റബാരിയാണ് സമയ് എന്ന ബാലനായെത്തുന്നത്. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രദർശനത്തിന് മുൻപേ തന്നെയുള്ള രാഹുൽ കോലിയുടെ വിയോഗം തീരാനൊമ്പരമാവുകയാണ്.