‘പൊന്നിയിൻ സെൽവൻ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നിൽക്കുന്ന പ്രിയങ്കരൻ ജയം രവിയുടെ ‘അഗിലൻ’ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. പലതവണ മാറ്റിവെച്ച ചിത്രം ഫെബ്രുവരി 17നോ 24നോ എത്തുമെന്നാണ് വിവരം. താരം നായകനായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിച്ചതും ചിത്രീകരണം പൂർത്തിയായതുമായിട്ടുള്ളത്.
ഇതിലൊന്നാണ് അഗിലൻ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്ലൈനോടെ എത്തുന്ന ‘അഗിലനി’ൽ ജയം രവി ഒരു ഗാംഗ്സ്റ്ററായിട്ടായിട്ടാണ് അഭിനയിക്കുന്നത്. പോലീസ് ഓഫീസർ കഥാപാത്രം ആയിട്ടാണ് ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ എത്തുന്നത്. അതേസമയം, ജയം രവി നായകനാകുന്ന ‘ഇരൈവൻ’ എന്ന ചിത്രം പൂർത്തിയായിട്ടുണ്ട്.. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവിയുടെ നായിക നയൻതാരയാണ്. ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ ഇതുവരെയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം ‘സൈറൺ’ ആണ്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണൽ ഡ്രാമ ആയിട്ടാണ് ‘സൈറൺ’ ഒരുക്കുന്നത്. സുജാത വിജയകുമാര്‍ ആണ് ചിത്രം നിർമിക്കുന്നത്.