അനു സിത്താര, അനീഷ് ജി. മേനോൻ, ജോണി ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇൻ ദുബായ്’ ചിത്രം ഫെബ്രുവരി മൂന്നിന് പ്രദർശനത്തിനെത്തും. ഇപ്പോൾ മോമോ വിശ്രമിക്കുന്ന പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘സുഡാനി ഫ്രം നൈജീരിയ’, ‘ഹലാൽ ലൗ സ്റ്റോറി’ ചിത്രങ്ങൾക്ക് ശേഷം സക്കരിയയുടെയും ‘ആയിഷ’ എന്ന ചിത്രത്തിന്റെ തിരകഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയിൽ ഒരുങ്ങുന്ന ‘മോമോ ഇൻ ദുബായ്’ ഒരു ചിൽഡ്രൻസ്-ഫാമിലി ചിത്രത്തിന്റെ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിരിമാല തീർത്ത ‘ജോ ആൻഡ് ജോ’ പ്രൊഡക്ഷൻ ടീമും, ‘ജാനേ മൻ’, ‘ജോ ആൻഡ് ജോ’, ‘ജയ ജയ ജയ ജയ ഹേ’ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സക്കരിയ, ഹാരിസ് ദേശം, പി.ബി. അനീഷ്, നഹല അൽ ഫഹദ് എന്നിവർ ചേർന്നാണ് ‘മോമോ ഇൻ ദുബായ്’ നിർമ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള, അമീൻ കാരക്കുന്ന് എന്നിവരുടെ വരികൾക്ക് ജാസി ഗിഫ്റ്റ്, ഗഫൂർ എം. ഖയാം, യാക്സൻ & നേഹ എന്നിവരാണ് സംഗീതം.