കന്നടയിൽ പിറന്ന് രാജ്യമൊട്ടാകെ ചർച്ചാവിഷയമായ ചിത്രമാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തിയ ചിത്രം സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. സപ്തമി ഗൗഡയാണ് ചിത്രത്തിൽ നായികയായത്.
താരം ഇപ്പോൾ ബോളിവുഡ് ചിത്രത്തിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ‘ദ കശ്മിർ ഫയൽസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലാണ് സപ്തമി ഗൗഡ അഭിനയിക്കുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദ വാക്സിൻ വാർ’ ലക്നൗവിൽ ചിത്രീകരണം തുടങ്ങിയിരുന്നു.
അവിശ്വസനീയമായ യഥാർഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ഭാഷകളിൽ എത്തും. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയുമാണ് ചിത്രത്തിൽ പ്രമേയമാകുന്നതെന്നാണ് വിവരം. അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. അഭിഷേക് അഗർവാൾ ആർട്സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ‘ദ വാക്സിൻ വാറി’ന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.