ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രം ഇരട്ടയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് ചിത്രം തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേശീയ, സംസ്ഥാന അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ‘ഇരട്ട’യിലെ രണ്ടു കഥാപാത്രങ്ങളെന്ന് ചിത്രത്തിന്റ അണിയറ പ്രവർത്തകർ പറയുന്നു.
സ്വഭാവത്തിൽ വ്യത്യസ്തകളുള്ള ഇരട്ടകളാണ് ജോജുവിന്റെ കഥാപാത്രങ്ങൾ. ‘ഇരട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പ്രേക്ഷകർക്കിടയിൽ തരംഗം തീർത്തിരുന്നു. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധയാകർഷിച്ച രോഹിത് എം ജി കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇരട്ട. ജോജു ജോർജിൻറെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
വിജയ് ആണ് ഛായാഗ്രാഹകൻ. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ വരികൾ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ കൊറിയോഗ്രഫി കെ രാജശേഖർ, പിആർഒ പ്രതീഷ് ശേഖർ, മീഡിയ പ്ലാൻ ഒബ്സ്ക്യുറ എന്നിവരാണ് മറ്റ് പ്രവർത്തകർ.