ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും കൈകോർക്കുന്ന മലൈക്കോട്ടൈ വാലിബൻറെ കാസ്റ്റിംഗ് പുരോഗമിക്കുന്നു. മറാഠി നടി സൊണാലി കുൽക്കർണി ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന വിവരം നേരത്തെ എത്തിയിരുന്നു. ഇപ്പോൾ, ചിത്രത്തിൽ മലയാളത്തിൻ്റെ പ്രിയപെട്ട താരം ഹരീഷ് പേരടിയും ഭാഗമാകുന്നു എന്ന വാർത്തയാണ് വരുന്നത്.
നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മോഹൻലാലിനും ലിജോയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി താനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
അതെ. ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടൻ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേർന്നുള്ള യാത്ര. അനുഗ്രഹിക്കുക… മലൈക്കൊട്ടൈ വാലിബൻ.., ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുൽ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യർ. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.