മലയാളത്തിന്റെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ കമേഴ്സ്യൽ മലയാള-അറബിക് ചിത്രമായ ആയിഷ ട്രെയിലർ പുറത്ത് വിട്ടു. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്. ആഷിഫ് കക്കോടിയാണ ്ചിത്രത്തിന്റെ രചന.
ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ആയിഷ. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയാണ്. അറബിക്, മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ് എന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിരിക്കുന്നത്. മഞ്ജു വാരിയർക്കു പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. ‘ ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമിക്കുന്നു.
ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ബി.കെ. ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഇന്ത്യൻ, അറബി പിന്നണി ഗായകർ ആണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.