സംവിധായകൻ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ‘ആനക്കട്ടിയിലെ ആനവണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചിത്രം ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ് നിർമ്മാണം. ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ സിനിമകൾ സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനർ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.
അതേസമയം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ നായകവേഷം ചെയ്ത ഓർഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ. എന്നാൽ ചിത്രം ഓർഡിനറിയുടെ രണ്ടാം പതിപ്പാണോ എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.
”ഓർഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഉൾപ്പെടുത്തി സംഭവിച്ച ഒരു സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം സാധ്യമല്ല. അതേസമയം, അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിശദീകരണം നൽകി.
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജനാർദ്ദനനും ഛായാഗ്രാഹകൻ ഫൈസൽ അലിയുമാണ്. ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.