തമിഴ് സിനിമാ ലോകം കാത്തിരുന്ന ചിത്രമായിരുന്നു യുവാതരം ശിവകാർത്തികേയൻ നായകനായി എത്തിയ പ്രിൻസ്. വലിയ പ്രചരണങ്ങൾ കൊടുത്ത് എത്തിയ ചിത്രം വിജയം നേടാനും സാധിച്ചില്ല. ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങേണ്ടായി വന്നു. ഇതോടെ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ശിവകാർത്തികേയനും അണിയറ പ്രവർത്തകരും ഉൾപ്പടെ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. വൻ നഷ്ടം വന്നതോടെയാണ് വിമർശനങ്ങളും കടുത്തത്.
എന്നാൽ ഇപ്പോൾ വിതരണക്കാർക്ക് താരം നഷ്ടപരിഹാരം നൽകിയെന്ന വാർത്തയാണ് നിറയുന്നത്. നഷ്ടപരിഹാരമായി മൂന്ന് കോടി രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ട്. അതുകൂടാതെ ചിത്രത്തിന്റെ നിർമാണ കമ്പനിയായ ശ്രീ വെങ്കടേശ്വര സ്റ്റുഡിയോസിനും മൂന്ന് കോടി നൽകി. കഴിഞ്ഞ വർഷം ഒക്ടോബർ 21ന് ആണ് പ്രിൻസ് തീയേറ്ററിൽ പ്രദർശനത്തിന് എത്തിയത്.
തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ പ്രിൻസ് ഒരു ഇന്ത്യൻ യുവാവും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഉക്രേനിയൻ നടി മരിയ റിയാബോഷപ്കയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. അനുദീപ് കെ വി ആണ് പ്രിൻസിന്റെ സംവിധായകൻ. പ്രി റിലീസ് ബിസിനസ്സായി 100 കോടിയോളം രൂപ ചിത്രം നേടിയെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു.