കൊച്ചി: നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി ലോക ശ്രദ്ധ നേടിയ ‘മണ്ണ്’ എന്ന മലയാളം ഡോക്യുമെന്ററി സിനിമ ഒടിടിയിലെത്തി. സൈന പ്ലേയിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നാറിലെ ചായത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ ‘പെമ്പിളൈ ഒരുമൈ’ സമരവും അനുബന്ധ വിഷയങ്ങളുമാണ് ചിത്രത്തിൽ പ്രമേയമാകുന്നത്.
ബംഗ്ലാദേശിൽ നടന്ന ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ, തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമിയുടെ നടന്ന പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിരുന്നു.
കാഠ്മണ്ഡുവിൽ നടന്ന നേപ്പാൾ കൾച്ചറൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മനുഷ്യാവകാശ സിനിമക്കുള്ള പ്രത്യേക ജൂറി പുരസ്കാരവും സൈൻസ് ചലച്ചിത്രോത്സവത്തിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നൽകുന്ന മികച്ച മലയാളം ഡോക്യുമെന്ററി സിനിമക്കുള്ള പുരസ്കാരം, നേപ്പാൾ അമേരിക്ക ഇന്റർനാഷണൽ ഫിലിം ഫസ്റ്റിവലിൽ ജൂറി പുരസ്കാരം എന്നിവ മണ്ണ് നേടിയിട്ടുണ്ട്.
കൂടാതെ അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും മണ്ണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകമാധ്യമങ്ങളിൽ വരെ മണ്ണ് എന്ന ചിത്രം നിറഞ്ഞു നിന്നിരുന്നു.
ലോകപ്രശസ്ത സർവകലാശാലകളിൽ ഒന്നായ മാഡിസണിലെ വിസ്കോസിൻ സർവകലാശാലയിൽ നടന്ന 49-മത് സൗത്തേഷ്യൻ വാർഷിക കോൺഫറൻസിലേക്ക് പ്രത്യേക പ്രദർശന ക്ഷണവും ഈ സിനിമക്ക് ലഭിച്ചിരുന്നു. ഛായാഗ്രഹണം- പ്രതാപ് ജോസഫ്, എഡിറ്റിങ്ങ്- ആനന്ദ് പൊറ്റെക്കാട്ട്, സൗണ്ട് ഡിസൈൻ- ഷൈജു എം, സംഗീതം- പി ആർ സുനിൽ കുമാർ, ആലാപനം- സി ജെ കുട്ടപ്പൻ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ് ദാസ് തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.