ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നടൻ ശ്രീനിവാസൻ. പൃഥ്വിരാജ് പുതിയ ചിത്രം കാപ്പയുടെ പ്രമോഷൻ വേളയിലാണ് താരം പൂർണ്ണ ആരോഗ്യവാനായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണെന്ന് ശ്രീനിവാസൻ പറയുന്നു.
കുറേകാലം കൂടിയാണ് പലരെയും കാണുന്നതെന്നും നേരിൽ കാണാത്തത് കൊണ്ടാണ് പലരും അഭിനയിക്കാൻ വിളിക്കാത്തതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം വീണ്ടപം സിനിമാ രംഗത്ത് സജീവമാകുകയാണ്. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ പ്രോജക്ട്.
ശ്രീനിവാസന്റെ വാക്കുകൾ;
ഇത്രയും കാലം പറയാൻ പറ്റാതെ മൂടിവച്ച ഒരു സത്യം ഞാൻ തുറന്ന് പറയാൻ പോവുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകളും എഴുതിയത് ഞാനാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കഥ എഴുതിയതും ഞാൻ തന്നെയാണ്. എന്നെ ഞാൻ കൂടുതലൊന്നും പുകഴ്ത്തി പറഞ്ഞില്ലല്ലോ അല്ലേ.
ശരിക്കും പറഞ്ഞാൽ അത്യാവശ്യം നല്ല കുറച്ച് ആളുകൾ ഉള്ളതുകൊണ്ടാണ് എന്നെ ഇവിടേക്ക് വിളിച്ചത്. ഇതൊക്കെ അവരുടെ കാരുണ്യമാണ്. എന്നെ കാണാത്തത് കൊണ്ടാണോ ഫാസിലൊന്നും എന്നെ വച്ച് സിനിമയെടുക്കാത്തത് എന്ന് എനിക്ക് സംശയമുണ്ട്. എന്തായാലും ഞാനിപ്പോൾ സംസാരിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്.
അതുപോലെ തന്നെ ഞാൻ അഭിനയിക്കാനും തുടങ്ങിയിട്ടുണ്ട്. എന്തായാലും നിങ്ങളുടെയൊക്കെ അടുത്ത സിനിമയിൽ ഞാൻ അഭിനയിക്കാൻ വരാം. കുറേ കാലമായി പല ആളുകളെയും കാണാൻ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ കാണാൻ പറ്റാത്ത പലരെയും കാണാൻ സാധിച്ചു. എല്ലാവരെയും കാണാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്.