പത്താൻ എന്ന ചിത്രത്തിന്റെ പ്രതിഷേധങ്ങളും കെട്ടടങ്ങുന്നില്ല. സംഘപരിവാറിനൊപ്പം ഇപ്പോൾ മുസ്ലിം ബോർഡും കൂടിച്ചേർന്നാണ് വിമർശനങ്ങൾ തൊടുക്കുന്നത്. കാവി ബിക്കിനി സംഘപരിവാറിനെ ചൊടിപ്പിക്കുമ്പോൾ മുസ്ലിം ബോർഡിനെ ബാധിക്കുന്നത് ഗാനരംഗത്തിൽ അശ്ലിലം പറയുന്നു എന്നതാണ്. ഇരുവിഭാഗങ്ങളും കോലം കത്തിച്ചും ബഹിഷ്കരണ പ്രഖ്യാപനവുമായി മുന്നേറുമ്പോൾ നടി ദീപിക പദുകോണും നടന് ഷാരൂഖ് ഖാനും അവരുടേതായ സിനിമ പ്രൊമോഷൻ തിരക്കുകളിലാണ്.
പ്രതിഷേധക്കാർ ചൂടുപിടിക്കുമ്പോൾ ഷാരൂഖ് ആകട്ടെ കൂൾ മൈന്റിലും. നടൻ ഇപ്പോൾ ആരാധകരുമായി സംവദിക്കുന്നതാണ് വൈറലാകുന്നത്. കുരച്ചു ചാടലുകൾ അതിരുകൾ ഭേദിക്കുമ്പോഴും അവയൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് അടിയുറച്ച് വിശ്വസിച്ചുകൊണ്ടാണ് താരങ്ങൾ അവരുടേതായ തിരക്കുകളിലേയ്ക്ക് മുഴുകിയിരിക്കുന്നത്. വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ ആരാധകരുടെ ചോദ്യത്തിന് ട്വിറ്ററിലൂടെയാണ് ഷാരൂഖ് മറുപടി നൽകുന്നത്.
ആരാധകരുടെ ചോദ്യങ്ങളിൽ പത്താൻ മുതൽ ഇഷ്ടസിനിമകളും രാം ചരണും കെ.ജി.എഫും വരെ ഉൾപ്പെടുന്നുണ്ട്. ഇവയോടെല്ലാം മൃദുസമീപനത്തിലാണ് നടൻ മറുപടി നൽകുന്നത്. ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഒരു ആരാധകൻ ചോദിച്ചു. അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം’ എന്നാണ് ഷാരൂഖ് ചോദിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ പത്താൻ ആക്ഷൻ രീതിയിൽ പറയുന്ന ദേശഭക്തി ചിത്രമാണ്.
സുഹൃത്തുക്കൾക്കൊപ്പം ചെയ്യുന്ന സിനിമ പോലെയാണത്. വീട്ടിലാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്ന കാര്യം ആദ്യം പറഞ്ഞത്. വീട്ടിൽ ഏറ്റവും കുസൃതിക്കാരനായ കുട്ടി താനാണെന്നും നടൻ പറയുന്നു. സ്റ്റാൻലി കുബ്രിക്കിന്റെ സിനിമകളിൽ ക്ലോക്ക് വർക്ക് ഓറഞ്ച് ആണ് ഏറ്റവും ഇഷ്ടമെന്നും ഷോഷാങ്ക് റിഡംപ്ഷൻ, മിഷൻ ഇംപോസിബിൾ സീരീസ് തുടങ്ങിയവയും ഇഷ്ടമാണ്. നോളൻ ചിത്രങ്ങളിൽ മെമെന്റോയും പ്രസ്റ്റീജുമാണ് പ്രിയമെന്നും ആരാധകരോട് ഷാരൂഖ് പറയുന്നു.
ദൃശ്യസാക്ഷരതയുള്ളവരാണ് തെലുങ്ക് പ്രേക്ഷകർ. രാംചരൺ തന്റെ സുഹൃത്താണെന്നും കെ.ജി.എഫിലെ യഷിന്റെ പ്രകടനം ഗംഭീരമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ജവാന്റെ സംവിധായകൻ അറ്റ്ലീക്കും പ്രിയക്കും ഇപ്പോൾ കുഞ്ഞുപിറക്കാൻ പോവുകയാണെന്ന സന്തോഷവും കിംഗ് ഖാൻ പങ്കുവെച്ചു. ആത്മകഥ എഴുതാൻ സമയമായിട്ടില്ലെന്നും ജീവിതം പൂർണമാകുമ്പോൾ എഴുതാമെന്നും അതിനിനിയും സമയം കിടക്കുകയാണെന്നും താരം ആരാധകർക്ക് മറുപടി നൽകി.
ആരാധകരുടെ സ്നേഹത്തിനും സമയത്തിനും നന്ദി പറഞ്ഞ താരം, തന്റെതന്നെ സിനിമയിലെ ‘പിക്ചർ അഭി ബാക്കി ഹേ…’ എന്ന ഡയലോഗും കുറിക്കുന്നുണ്ട്. അതേസമയം, ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതാകട്ടെ, ദീപിക പദുകോണിന്റെയും ഷാരൂഖ് ഖാന്റെയും ഒരു സ്റ്റിൽ ആണ്. നടുവിരൽ നമസ്കാരം നടത്തുന്ന ദീപികയും, സിഗരറ്റ് വലിച്ച് മാസ് ലുക്കിലെത്തുന്ന ഷാരൂഖിനെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായത്. ഈ ചിത്രം മുൻപ് ഇതേ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എടുത്തതാണെങ്കിലും നിലവിൽ നടക്കുന്ന സംഘപരിവാർ അജണ്ടകൾക്കുള്ള താരങ്ങളുടെ പ്രതികരണമെന്ന തലത്തിലാണ് ജനം ഏറ്റെടുത്തിരിക്കുന്നത്.
Bana toh do kitni baar banaoon?? https://t.co/2j7reFuuKA
— Shah Rukh Khan (@iamsrk) December 17, 2022