ഷാരൂഖ് ഖാൻ-ദീപിക പദുകോൺ ചിത്രം പത്താന്റെ പേരിലുള്ള വിവാദങ്ങളിൽ പരസ്യ പ്രതികരണം നടത്തി യുവതാരം പൃഥ്വിരാജ് സുകുമാരൻ. ഒരു കലാരൂപത്തെ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും വിധേയമാക്കുന്നതിൽ ദുഃഖമുണ്ടെന്ന് നടൻ പറയുന്നു. ഏറ്റവും പുതിയ ചിത്രം കാപ്പയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഐഎഫ്എഫ്കെ മേളയിൽ നടന്ന വിവാദത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഷാരൂഖ് ഖാൻ ചിത്രം പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാന രംഗത്തിൽ ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഹിന്ദു വികാരത്തെ ഉണർത്തിയെന്നാണ് സംഘപരിവാറിന്റെ ആരോപണം.
ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് സംഘപരിവാർ ആരോപിക്കുന്നു. ഗാനം എത്തിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും കോലങ്ങൾ കത്തിച്ചും ചിത്രം ബഹിഷ്കരിച്ചും വലിയ തോതിലാണ് പ്രചരണം നടത്തി വന്നിരുന്നത്.