മലയാളത്തിൻ്റെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെഎസ് ചിത്ര. സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ കൈയിലെുത്ത ഗായികയ്ക്ക് തീരാവേദനയാണ് ഏകമകൾ നന്ദനയുടെ വിയോഗം. ഇന്നും ആ വേദനയിൽ കഴിയുകയാണ് താരം. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് താരത്തിൻ്റെ ജീവിതത്തിലേയ്ക്ക് നന്ദന എത്തിയത്. എന്നാൽ ആ സന്തോഷം അധിക നാൾ ചിത്രയ്ക്ക് ഉണ്ടായിരുന്നില്ല.
മകളുടെ ഓരോ ജന്മദിനത്തിലും നൊമ്പരപ്പെടുത്തുന്ന ഓർമകുറിപ്പ് ചിത്ര പങ്കിടാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ മകളുടെ ഓർമകൾ കുറിക്കുകയാണ് ചിത്ര. ”സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വർഷങ്ങൾ എത്ര കടന്നുപോയാലും നീ മായാതെ എന്നും എന്റെ മനസ്സിലുണ്ടാകും. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം.
പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദന”, എന്നാണ് താരം കുറിച്ചത്. മകളുടെ ഒരുപിടി ചിത്രങ്ങളും ചിത്ര പങ്കിടുന്നുണ്ട്. സ്നേഹം ചിന്തകൾക്ക് അപ്പുറമാണെന്നും ഓർമകൾ എക്കാലവും ഹൃദയത്തിൽ ജീവിക്കുമെന്നും ചിത്ര കറിക്കുന്നുണ്ട്. വിജയ ശങ്കർ- കെ എസ് ചിത്ര ദമ്പതിമാർക്ക് ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് മകൾ നന്ദന ജനിച്ചത്. ഒമ്പത് വയസ് തികയും മുന്നേ മരണപ്പെടുകയും ചെയ്തു. 2011ൽ ദുബായ്യിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു മരണം.