ആദ്യമായി ക്യാമറയ്ക്ക് മുൻപിലെത്തിയ ചിത്രം പങ്കുവെച്ച് നടി ഭാവനയുടെ കുറിപ്പ്. നമ്മൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതിന്റെ ഓർമകളാണ് താരം പങ്കിട്ടിരിക്കുന്നത്. 20 വർഷം മുമ്പ് ‘നമ്മൾ’ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നുവെന്നു ഭാവന പറയുന്നു. അവിടെനിന്ന് നിരവധി വിജയവും പരാജയവും ഏറ്റുവാങ്ങിയാണ് ഇന്നത്തെ ഭാവനയായി എത്തി നിൽക്കുന്നത്.
അന്ന് ഒപ്പമുണ്ടായിരുന്ന ജിഷ്ണുവിനെയും അച്ഛനെയും ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഇന്നും ഒരു തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നതെന്ന് നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇതുകൂടാതെ, പങ്കുവെച്ച ചിത്രത്തിലെ കൗതുകം, ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ ഉണ്ടെന്നതാണ്.
ഷൈൻ ടോം ചാക്കോ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു നമ്മൾ. സിനിമയിൽ ഒരു ബസ് യാത്രയ്ക്കാരനായാണ് താരം അന്ന് അഭിനയിച്ചിരുന്നത്. അന്ന് സംവിധായകൻ കമലിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ഷൈൻ.
ഭാവനയുടെ കുറിപ്പ്;
”ഇരുപത് വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് ഞാൻ ‘നമ്മൾ’ എന്ന മലയാള സിനിമയുടെ സെറ്റിലേക്കു നടന്നു കയറിയത്. കമൽ സാർ സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. അന്ന് ഞാൻ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു, തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞതെല്ലാം ഞാൻ ഇപ്പോഴും ഓർക്കുന്നു.
എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ തന്നെ അന്നൊരു കുട്ടിയായിരുന്നു, എന്തായാലും ഞാൻ അത് ചെയ്തു. പക്ഷേ, ഇന്ന് എനിക്കറിയാം, അന്ന് എനിക്കു കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു. അങ്ങനെ നിരവധി വിജയങ്ങൾ, നിരവധി പരാജയങ്ങൾ, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുത്തത്. ഞാൻ ഇപ്പോഴും പഠിക്കുകയും എന്നെത്തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമെന്ന നിലയിൽ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയും ആണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ, നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ അന്നത്തെ ആ പുഞ്ചിരി അമൂല്യമാണ്, അതും ഞാൻ മിസ് ചെയ്യുന്നു. ചിത്രങ്ങൾക്ക് ജയപ്രകാശ് പയ്യന്നൂരിന് നന്ദി.”