ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ എന്ന സിനിമയിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനം നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകർക്കിടയിലും തരംഗമായത്. ഗാനത്തിൽ മുഴുനീളെ ബിക്കിനി വേഷത്തിലാണ് ദീപിക പദുകോൺ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഗാനം പ്രിയമേറുന്നതോടൊപ്പം തന്നെ വിവാദങ്ങളിലേയ്ക്കും കൂപ്പുകുത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നതാണ് വിവാദങ്ങളുടെ തുടക്കം.
പത്താൻ ചിത്രം നിരോധിക്കണമെന്നാണ് ആവശ്യം. കാരണമാകുന്നതാകട്ടെ, ഗാന രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു എന്നതും. ഗാന രംഗത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതാണ് പ്രശ്നം. കാവി എന്ന നിറം ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടതായുള്ള ചിത്രീകരണമാണ് രാജ്യത്ത് ഇപ്പോൾ നടന്നു വരുന്നത്. ഏത് ഭരണഘടനയിലാണ് കാവി ബിജെപിയുടെയും മതത്തിനും എഴുതി കൊടുത്തത് എന്ന ചോദ്യവും ഈ വിമർശനങ്ങൾക്കിടയിൽ ഉയർന്നു വരുന്നു എന്നതാണ് മറ്റൊരു വസ്തുത.
എന്നാൽ, ഈ വിമർശനങ്ങളെല്ലാം, ചിത്രം, ഗാനം എന്നിവയിൽ ഒതുങ്ങാതെ അഭിനയിച്ച നടി ദീപിക പദുകോണിലേയ്ക്കും നടൻ ഷാരൂഖ് ഖാനിലേയ്ക്കും നീങ്ങുന്നു എന്നതാണ് ഭയപ്പെടുത്തുന്നത്. താരങ്ങൾ എന്നും സംഘപരിവാറിന്റെ കണ്ണിൽ കരടുകൾ കൂടിയാണെന്ന് ഈ വിമർശനങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കാരണം, നേരത്തെയും സംഘപരിവാർ ദീപികയ്ക്കും ഷാരൂഖ് ഖാനെതിരെയും പടയൊരുക്കം നടത്തിയതും രാജ്യം കണ്ടതാണ്.
കേന്ദ്രസർക്കാരിനും സർവകലാശാല മാനേജ്മെന്റിനുമെതിരെ ശക്തമായ സമരം നടത്തിയിരുന്ന ജെഎൻയു ക്യാംപസിൽ ദീപിക എത്തിയതാണ് താരം സംഘപരിവാറിന്റെ കണ്ണിൽ കരടായി മാറിയത്. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു താരം അന്ന് സന്ദർശിച്ചത്. ഇത് രാജ്യം ഒന്നടങ്കം ചർച്ചയാക്കിയ വിഷയം കൂടിയായിരുന്നു. ജെഎൻയു സമരത്തിന് പിന്തുണ നൽകിയ താരമാണെന്ന് മധ്യപ്രദേശ് മന്ത്രി തന്നെ പറഞ്ഞതിൽ നിന്നും താരത്തിനോടുള്ള വ്യക്തിവിരോധം പകൽപോലെ വെളിപ്പെട്ടു കഴിഞ്ഞു.
കൂടാതെ, ദീപിക പദുകോൺ കേന്ദ്രകഥാപാത്രത്തിലെത്തിയ പദ്മാവദ് എന്ന ചിത്രത്തിനെതിരെയും വൻ പ്രതിഷേധമാണ് അലയടിച്ചത്. ഗാനരംഗത്തിൽ ദീപിക ശരീരഭാഗം കാണിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. പദ്മാവതി എന്ന ചിത്രത്തിന്റെ പേര്, പ്രതിഷേധം കനത്തതോടെ പദ്മാവദ് എന്ന് മാറ്റുകയായിരുന്നു. പിന്നീട് ഗാന രംഗങ്ങളിലും മാറ്റം വരുത്തിയതിന് ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തിയിരുന്നതും. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആകട്ടെ എന്നും സംഘപരിവാറിന്റെ ശത്രുവായിരുന്നു.
മതവ്യത്യാസമില്ലാതെ ഗണേശോത്സവം ആഘോഷിച്ചും വിളക്ക് കത്തിച്ചും ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് സംഘപരിവാർ ശക്തമായി എതിർത്തിരുന്നു. ഇതിനെല്ലാം അടിസ്ഥാനം ഷാരൂഖ് ഖാൻ മുസ്ലിം മതത്തിൽ നിൽക്കുന്നത് കൊണ്ട് തന്നെ. താരത്തെ ദേശദ്രോഹിയായി സംഘപരിവാർ പരസ്യമായി വിളിച്ചിരുന്നു. ഇന്ത്യയിൽ താമസിക്കുന്നുവെങ്കിലും ഷാരൂഖ് ഖാൻ മനസ് കൊണ്ട് പാക്സിതാൻ ആണെന്നുമുള്ള ചിത്രം നൽകാനാണ് അന്നും ഇന്നും സംഘപരിവാർ ശ്രമിച്ചിട്ടുള്ളത്.
കൂടാതെ, ലോകത്തോട് വിടപറഞ്ഞ പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിന് മുൻപിൽ കൈകൾ ഉയർത്തി ദുആ ചെയ്തതും, സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. മൃതദേഹത്തിൽ തുപ്പി’ എന്നാണ് അന്ന് താരത്തിനെതിരെ നടത്തിയ വ്യാജ പ്രചരണം. പ്രാർത്ഥനക്കിടെ ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
ഷാരൂഖിനെതിരെ സൈബർ ആക്രമണവും സംഘപരിവാർ പലപ്പോഴും നടത്തി വരാറുണ്ട്. എന്നാൽ ഈ കുപ്രചരണങ്ങളെല്ലാം പൊതുസമൂഹം തള്ളിക്കളയുകയും ചെയ്തിരുന്നു. ഷാരൂഖാന്റെ നിലപാടുകളും മറ്റും മതേതര ഇന്ത്യയെ കാണിക്കുന്നു എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. ഇന്ന് തങ്ങൾക്ക് എതിരായി നിൽക്കുന്ന 2 പേരെ ഒരുമിച്ച് കിട്ടിയ സംഘപരിവാർ വിഷത്തേക്കാൾ മാരകമാകുന്ന വെറുപ്പ് പ്രചരിപ്പിക്കുകയാണ്. രാജ്യത്തിന്റെ പലയിടത്തും ദീപികയുടെയും ഷാരൂഖ് ഖാന്റെയും കോലങ്ങൾ കത്തിച്ചും പ്രതിഷേധം അറിയിക്കുകയാണ്. എന്നാൽ, പൊതുസമൂഹം ഈ വിമർശനങ്ങളും പ്രതിഷേധങ്ങളും തള്ളിക്കളയും എന്നതിൽ സംശയമില്ല.