റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കാന്താരയെ പ്രശംസിച്ച് ഉലകനായകൻ കമൽഹാസൻ. 2022ൽ കണ്ട സിനിമകളിൽ തന്നെ ഏറ്റവും ആകർഷിച്ച ചിത്രമാണ് കാന്താരയെന്ന് താരം പറയുന്നു. ‘കാന്താര ഏറ്റവും മികച്ച ഒരു ഉദാഹരണമാണ്. ഞാനും കന്നട സിനിമാ മേഖലയുടെ ഭാഗമാണ്. അതിൽ ഞാനിന്ന് അഭിമാനിക്കുന്നു.
ഒണ്ടാനൊണ്ട് കാലദല്ലി, വംശവ്യക്ഷ, കാട് തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് നൽകിയ കന്നഡ മണ്ണിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന നിരവധി പേർ ഇന്ന് മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ആ പഴയകാലം തിരിച്ചുവരികയാണെന്നാണ് തോന്നുന്നതെന്നും കമൽഹാസൻ പറയുന്നു. താരത്തിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് റിഷബ് ഷെട്ടിയും രംഗത്തെത്തി. നേരത്തെ ബോളിവുഡ് താരം ഹൃത്വിക് റോഷനും ചിത്രത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.
തന്നെ വളരെയധികം ആകർഷിച്ച ചിത്രമാണ് കാന്താരയെന്നും ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ വളരെ ഗംഭീരമായിട്ടുണ്ടെന്നുമാണ് ഹൃത്വിക് റോഷൻ അഭിപ്രായപ്പെട്ടത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത കാന്താര ഇക്കഴിഞ്ഞ സെപ്റ്റംബർ 30നാണ് കന്നഡയിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബർ 14ന് ആയിരുന്നു. മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.