‘സിനിമയെ വിമർശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം, വിമർശിക്കുന്നതിൽ പ്രശ്നമില്ല, പക്ഷെ സിനിമയെ കൊല്ലരുത്. കൊറിയൻ രാജ്യങ്ങളിലൊന്നും അവർ സിനിമയെ വിമർശിക്കാറില്ല’ അടുത്തിടെ റോഷൻ ആൻഡ്രൂസിനെ വിവാദത്തിലേയ്ക്ക് വലിച്ചിട്ട പരാമർശങ്ങളായിരുന്നു ഇത്. വിമർശിക്കാൻ അവകാശമില്ല എന്ന വാദത്തോട് പണം കൊടുത്ത് കയറുന്ന പ്രേക്ഷകരില്ലെങ്കിൽ സിനിമ തന്നെ ഇല്ലെന്ന് താരം ചിന്തിക്കണമെന്ന മറുപടികളും ഉയർന്ന് വന്നിരുന്നു.
എന്നാൽ ഇപ്പോൾ ഈ വിവാദങ്ങളുടെ കാരണവും താൻ പറഞ്ഞതിലെ വാസ്തവും വെളിപ്പെടുത്തുകയാണ് റോഷൻ ആൻഡ്രൂസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിലുകൾ. 17 വർഷമായി ഞാൻ സംവിധായകനായി ഇവിടെ നിൽക്കുന്നത് പ്രേക്ഷകരുടെ പിന്തുണയിലാണ്. സിനിമയെ വിമർശിക്കുന്ന പ്രേക്ഷകരുടെ കാഴ്ചപ്പാടിനെ താൻ ഒരിക്കൽ പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പറയുകയാണ് റോഷൻ ആൻഡ്രൂസ്.
സാറ്റർഡേ നൈറ്റ് സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞൊരു മറുപടിയെ വിവാദമുണ്ടാക്കിയവർ വളച്ചൊടിക്കുകയായിരുന്നു. കേരളത്തിലെ പ്രബുദ്ധ പ്രേക്ഷകരെ ഞാൻ വിമർശിച്ചിട്ടില്ല. ഞാൻ പറഞ്ഞത് സിനിമയെ റിവ്യൂ ചെയ്യുന്നവരുടെ നിലവാരത്തകർച്ചയെക്കുറിച്ചാണ്. റിവ്യൂ ചെയ്യുന്നവൻ ഒരു കഥയെഴുതിയിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു. ഒരു സിനിമയുടെ റിഥം നിശ്ചയിക്കുന്നത് റിവ്യൂചെയ്യുന്നവരാണോ ? ഇവർ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും എത്ര നിലവാരം കുറഞ്ഞതാണ്.
പരമ പുച്ഛമാണ് എല്ലാവരോടും. അനുപമ ചോപ്രയെപ്പോലെ ഭരദ്വാജ് രംഗനെപ്പോലെയുള്ളവരുടെ റിവ്യൂ ഇവർ കണ്ടു നോക്കട്ടെ. കോഴിക്കോടനും സിനിക്കും പോലെ മനോഹരമായി സിനിമ നിരൂപണം നടത്തിയവർ ഇവിടെയുണ്ടായിരുന്നു. ഇവിടെ ഇതൊരു ക്വട്ടേഷൻ സംഘമാണ്. മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി നിർമാതാക്കളുടെ കയ്യിൽ നിന്നു പണം വാങ്ങുന്നവരെ എനിക്കറിയാം. 2 ലക്ഷം രൂപ വരെ മേടിച്ച് നല്ല സിനിമയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുന്നവരുണ്ടെന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു.
കൂടാതെ, ചിത്രം പ്രദർശിപ്പിച്ച് ഫസ്റ്റ് ഹാഫ് പിന്നിടുമ്പോൾ തന്നെ, യുട്യൂബ് നിരൂപകർ തിയറ്ററിലേക്ക് ഇടിച്ചു കയറി അഭിപ്രായം ചോദിക്കുന്നതിനെയും റോഷൻ ആൻഡ്രൂസ് ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോൾ സിനിമയെക്കുറിച്ച് നല്ലതും ചീത്തയും പറയുന്ന കാഴ്ചക്കാരുണ്ടാകും. ഇതു കാണിച്ച് നിർമാതാവിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പലരും. പണം നൽകിയില്ലെങ്കിൽ സിനിമ മോശമാണെന്നു പറഞ്ഞതു മാത്രം എഡിറ്റ് ചെയ്തു കാണിക്കും.
ഇത്തരക്കാരെ തിയറ്ററിൽ കയറ്റാതിരിക്കാൻ തിയറ്റർ ഉടമകൾ ശ്രദ്ധിക്കണം. ഇന്ന് ഇടവേളയിൽ വരുന്നവൻ നാളെ സിനിമ തുടങ്ങി 10 മിനിറ്റിനകം തിയറ്ററിനുള്ളിൽ നിന്നു ലൈവ് ചെയ്യും. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം. ഇത്തരക്കാരെ തിയറ്ററിൽക്കയറ്റരുതെന്ന് ഞാൻ നിർമാതാവും തിയറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ടഭ്യർഥിച്ചിട്ടുണ്ടെന്ന് റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തുന്നു.
സിനിമ നിരൂപണവും റിവ്യൂവും രണ്ടാണ്. പണ്ട് മാധ്യമങ്ങളിൽ നല്ല റിവ്യൂസ് വന്നിരുന്നു. അത് വ്യക്തിഹത്യയല്ല. സിനിമയുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ചാണു സംസാരിക്കുന്നത്. ഇവിടെ റിവ്യൂ ചെയ്യുന്നവർ സിനിമയിൽ എത്താൻ കഴിയാതെ പോയതിന്റെ നിരാശ പ്രകടിപ്പിക്കുന്നതാണ് കാണാൻ കഴിയുന്നതെന്ന് റോഷൻ പറയുന്നു. യു ട്യൂബിൽ നിന്നു വരുമാനം കണ്ടെത്തേണ്ടവർ സിനിമയെ കൊന്നുതിന്ന് ചോര കുടിക്കേണ്ട. വ്യക്തിഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണമെന്നും താരം കൂട്ടിച്ചേർക്കുന്നു.