27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രിയമേറി ‘ആയിരത്തൊന്ന് നുണകൾ’ എന്ന മലയാള ചിത്രം. ദേശീയ അവാർഡ് ജേതാവും സംവിധായകനുമായ സലീം അഹമ്മദ് അലൻസ് മീഡിയയുടെ ബാനറിൽ അവതരിപ്പിച്ച ചിത്രം പ്രേക്ഷകരെ തെല്ലും നിരാശരാക്കിയില്ല. ഒട്ടേറെ ഹ്രസ്വ-പരസ്യ ചിത്രങ്ങളിലൂടെ ശ്രേദ്ധേയനായ നവാഗതൻ കെ.വി. താമർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ആറ് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ദമ്പതിമാർ ദാമ്പത്യജീവിതത്തിൽ നുണ പറഞ്ഞും പരസ്പരം മറച്ചുവെച്ചും നടത്തുന്ന കള്ളക്കളികളും അവരുടെ പൊരുൾതേടി നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. യുഎഇയിൽ ആണ് ചിത്രീകരണം പൂർണമായും നടത്തിയിരിക്കുന്നത്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
പ്രവാസ ലോകത്ത് ജീവിക്കുന്ന ഉറ്റ സുഹൃത്തുക്കളും ഭാര്യമാർക്കും ഇടയിലെ സന്തോഷങ്ങളും ചെറിയ പിണക്കങ്ങളുമായി ആരംഭിക്കുന്ന ചിത്രത്തിന്റെ തുടക്കം ഒരു തീപിടുത്തത്തിൽ നിന്നാണ്. ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ സ്വന്തം ജീവൻ കൈയിൽ പിടിച്ച് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നു. അവിടെ നിന്നും ഈ കഥ ആരംഭിക്കുന്നു.
പിന്നീട്, ആത്മസുഹൃത്തിന്റെ 10-ാം വിവാഹ വാർഷിക ദിനത്തിൽ നടക്കുന്ന ചില കളികൾ പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കാര്യങ്ങളിലേയ്ക്ക് തള്ളിവിടുന്നു. ഒറ്റ രാത്രിയിലെ വിനോദം വിനോദമായി തന്നെ അവസാനിക്കാതെ ഭാര്യ-ഭർത്താക്കന്മാർക്കിടയിലെ ചില ഒളിമറകൾ കൂടിയാണ് നീക്കം ചെയ്യുന്നത്. യഥാർത്ഥത്തിൽ, നാം പറയുന്നത് നുണയോ സത്യമോ എന്ന് തീരുമാനിക്കുന്നത് കേൾവിക്കാരൻ ആണെന്നാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നത്.