തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം പ്രദർശിപ്പിക്കും. വൈകിട്ട് 3.30ന് ടാഗോർ തിയറ്ററിലാണ് ആദ്യ ദിനം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കൂടിയാണിത്. മേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് ബുക്കിങ് പൂർത്തിയായത്.
അടുത്ത ദിവസം നടക്കുന്ന രണ്ടാമത്തെ പ്രദർശനത്തിന്റെ രാവിലെ ആരംഭിച്ച ബുക്കിങും അഞ്ചു മിനിറ്റിൽ ഫുൾ ആയതും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ച് സംവിധായകൻ ലിജോ ജോസും മേളയിൽ അതിഥിയായി എത്തിയിരുന്നു. വൈകിട്ട് ടാഗോറിൽ നടന്ന തുറന്ന സംവാദവേദിയായ ഓപ്പൺ ഫോറത്തിൽ സംവിധായകരായ ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കെ.എം. കമൽ തുടങ്ങിയവർക്കൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു.
ആകെ 67 ചിത്രങ്ങളാണ് തിങ്കളാഴ്ച മേളയിലെത്തുന്നത്. ഇരുള ഭാഷയിൽ പ്രിയനന്ദനൻ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോർമൽ, രാരിഷ് ജി.യുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങൾ മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.