തിരുവനന്തപുരം: പ്രശസ്ത സംവിധായിക നന്ദിതാ ദാസിന്റെ ‘സ്വിഗാറ്റോ’ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു. മേളയുടെ കലിഡോസ്കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് സ്വിഗാറ്റോ എത്തിയത്. നേരത്തെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയർ, ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏഷ്യൻ പ്രീമിയർ എന്നീ വിഭാഗങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ഡിസംബർ 10, 13 തീയതികളിലാണ് പ്രദർശനങ്ങൾ. നന്ദിത ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച സ്വിഗാറ്റോ അപ്ലാസ് എന്റർടൈൻമെന്റാണ് നിർമ്മിച്ചത്. ലോകമാസകലം കൊവിഡ് ഭീതി തുടരുന്നതിനിടയിൽ ഒരു ഫുഡ് ഡെലിവറി റൈഡറായി എത്തുന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കപിൽ ശർമ്മ, ഷഹാന ഗോസ്വാമി, തുഷാർ ആചാര്യ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
കപിൽ ശർമ്മയുടെ മാനസ് എന്ന കഥാപാത്രവും, തന്റെ വരുമാനം നിലനിർത്താൻ ജോലി ചെയ്യാൻ തുടങ്ങുന്ന ഒരു വീട്ടമ്മയായ ഭാര്യയായി ഷഹാന ഗോസ്വാമിയും ഒഡീഷയിലെ ഭുവനേശ്വറിനെ പശ്ചാത്തലമാക്കിയ സ്വിഗാറ്റോയിൽ എത്തുന്നു. കണ്ണിൽ മറഞ്ഞിരിക്കുന്ന അദൃശ്യരായ ‘സാധാരണ’ ആളുകളുടെ ജീവിതമാണ് ചിത്രം പകർത്തുന്നത്. തികച്ചും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രമാണ് സ്വിഗാറ്റോ.