തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് നടൻ ബാബു ആന്റണി. അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമചന്ദ്രന് ആദരമർപ്പിച്ച് അദ്ദേഹം ആദ്യമായി നിർമിച്ച വൈശാലിയുടെ പ്രദർശനവും നടന്നു. വ്യവസായി എന്നതിലുപരി കലാസ്നേഹി ആയാണ് അറ്റ്ലസ് രാമചന്ദ്രൻ അറിയപ്പെടേണ്ടതെന്നാണ് ബാബു ആന്റണി പറഞ്ഞത്.
രാമചന്ദ്രനും വൈശാലിയും തന്റെ കലാജീവിതത്തിലെ നാഴിക കല്ലുകളാണെന്നും താരം കൂട്ടിച്ചേർത്തു. 1988ൽ എം.ടി.യുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലി മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ലോമപാദനെ അവതരിപ്പിച്ചത് ബാബു ആന്റണിയായിരുന്നു.
വൈശാലി കൂടാതെ ചന്ദ്രകാന്ത ഫിലിംസിന്റെ ബാനറിൽ എം.ടി. തന്നെ തിരക്കഥ എഴുതി ഹരികുമാർ സംവിധാനം ചെയ്ത സുകൃതം (1994) എന്ന ചിത്രവും അറ്റ്ലസ് രാമചന്ദ്രൻ നിർമിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് ഹൃദയാഘാതത്തെ തുടർന്ന് ദുബായിലായിരുന്നു അന്ത്യം.