‘നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാൻ ആവശ്യപ്പെടില്ല. നമ്മൾ അടച്ച മുറി നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തു വരില്ല’ നടി സ്വാസികയുടെ പരാമർശമാണ് ഇത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെല്ലാം അവരുടെ അനുവാദത്തോടെയാണോ.? സ്വാസികയുടെ പരാമർശം സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നവജാത ശിശുക്കൾ മുതൽ വയോധികർ വരെ പീഡനങ്ങൾക്ക് ഇരയാകുന്ന രാജ്യത്ത് പെണ്ണ് തുറന്ന് കൊടുക്കുന്നുവെന്ന നടി സ്വാസികയുടെ വാദമാണ് ഇപ്പോഴത്തെ വിവാദം.
ജിഷ വധക്കേസ്, സൗമ്യ കൊലപാതകം എന്നിങ്ങനെ പീഢനകൊലപാതകക്കേസുകളും നോട്ടത്തിലും സ്പർശനത്തിലും തുടങ്ങി ചെറിയ പെൺകുട്ടികൾ മുതൽ പ്രായമേറിയ സ്ത്രീകൾ വരെയുള്ളവർ അനുഭവിക്കുന്ന നിഷ്ഠൂരമായ അക്രമങ്ങളും ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുള്ള ഈ സമൂഹത്തിൽ നാലളറിയുന്ന സെലിബ്രിറ്റി തന്നെ ഇത്തരം പരാമർശം നടത്തുന്നത് അങ്ങേയറ്റം വേദനാജനകം കൂടിയാണെന്ന് കമന്റുകൾ വരുന്നുണ്ട്. അതോടൊപ്പം സ്വാസികയുടെ പരാമർശനത്തിനെതിരെ പ്രശസ്ത എഴുത്തുകാരി ഭവാനി കുഞ്ഞുലക്ഷ്മി എഴുതിയ കുറിപ്പും ചർച്ചയാവുകയാണ്.
സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യരായ അതിജീവിതരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ആരും അക്രമത്തെ ക്ഷണിച്ചു വരുത്തിയതല്ല. നോ പറയാത്തത് കൊണ്ടല്ല നിങ്ങൾ ചൂഷണത്തിന് ഇരയായത്. അക്രമകാരികളുടെ പ്രവൃത്തികൾക്ക് നിങ്ങൾ ഒരിക്കലും ഉത്തരവാദികളല്ല. അത് നിങ്ങൾ സ്വയം ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല.
ചൂഷണത്തിന് ഇരയായവർക്ക് അതിക്രമങ്ങൾ തടയാൻ സാധിക്കുമായിരുന്നു എന്ന് പറയുന്നതിലൂടെ സ്വാസിക അതിജീവിച്ചവരെ നിശബ്ദമാക്കുകയാണ്. ഈ വർഷം കേരളത്തിൽ ഒക്ടോബർ വരെ 2032 ബലാത്സംഗ കേസുകളും 4340 ലൈംഗികാതിക്രമ കേസുകളും ഏഴോളം സ്ത്രീധന മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
സ്വാസികയെപ്പോലുള്ളവരുടെ കുറ്റപ്പെടുത്തലുകളെ ഭയന്ന് എത്രപേർ റിപ്പോർട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ടാകാമെന്നും ഭവാനി കുഞ്ഞുലക്ഷ്മി കുറിക്കുന്നു. ഈ കുറിപ്പ് പങ്കുവെച്ച് നടി പാർവതിയും സ്വാസികയുടെ വിമർശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ, ഡബ്ല്യുസിസി സംഘടന ഉള്ളതുകൊണ്ട് എന്ത് കാര്യമെന്നും, സംഘടനയുടെ പ്രവർത്തനം എന്തിനാണെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്നും സ്വാസിക പറഞ്ഞിരുന്നു.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്റെ സഹപ്രവർത്തകരുടെ പ്രശ്‌നങ്ങൾ സ്വാസികയെ ബാധിക്കുന്നില്ല എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ. പരാതികൾ പറയാൻ വനിതാ കമ്മീഷൻ ഉണ്ടല്ലോ എന്ന് പറയുന്ന നടി സ്ത്രീകൾക്ക് നേരെയുള്ള ചൂഷണങ്ങളെ നിസാരവൽക്കരിക്കുകയാണ്. ഷൂട്ടിംഗ് സ്ഥലത്ത് ടോയ്‌ലറ്റ് സൗകര്യം ഒരുക്കുന്നത് മുതൽ സ്ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ സിനിമാ മേഖല ശ്രദ്ധിച്ചുതുടങ്ങിയത് ഡബ്ല്യുസിസി വന്നതിന് ശേഷമാണ്. വിവേചനരഹിതമായ ഷൂട്ടിംഗ് അന്തരീക്ഷം സിനിമാ മേഖലയിൽ ഉണ്ടാക്കാൻ നടി സ്വാസിക മുൻകയ്യെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നടിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.