18 വർഷങ്ങൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്നു എന്ന വാർത്ത പ്രേക്ഷകനിൽ സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒന്നിച്ചത്. ഹിറ്റടിച്ച ഈ ചിത്രങ്ങൾക്ക് ശേഷം വണങ്കാൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ വണങ്കാനിൽ നിന്നും സൂര്യ പിന്മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബാല തന്നെയാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
‘എൻ്റെ സഹോദരൻ സൂര്യക്കൊപ്പം ‘വണങ്കാൻ’ എന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാൽ കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോൾ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണവിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എൻ്റെ അനുജന് ഞാൻ ഒരു ചെറിയ ബുദ്ധിമുട്ടു പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എൻ്റെ കടമ കൂടിയാണ്.
ഞങ്ങൾ രണ്ടു പേരും ചർച്ച ചെയ്ത് ‘വണങ്കാൻ’ എന്ന സിനിമയിൽനിന്നു സൂര്യ പിന്മാറുമെന്ന് തീരുമാനിച്ചു. അതിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എൻ്റെ താല്പര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. ‘നന്ദ’യിൽ ഞാൻ കണ്ട സൂര്യയെയും ‘പിതാമഹനി’ൽ ഞാൻ കണ്ട സൂര്യയെപോലെ തീർച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും.
അല്ലാത്തപക്ഷം ‘വണങ്കാൻ’ ചിത്രീകരണം തുടരും.’- ബാല പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ‘വണങ്കാൻ’ ചിത്രത്തിൽ കൃതി ഷെട്ടിയെയാണ് നായികയായി പ്രഖ്യാപിച്ചത്. കൂടാതെ മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി.വി. പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി. മായപാണ്ടിയാണ് കലാ സംവിധാനം.