ആകെ മെലിഞ്ഞല്ലോ..? വീട്ടിൽ നിന്ന് ഭക്ഷണം ഒന്നും തരുന്നില്ല? ആകെ തടിച്ച് വീർത്തു, തീറ്റ കുറച്ചൂടേ..? ഈ ചോദ്യങ്ങൾ ഒരിക്കലെങ്കിലും കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ബോഡി ഷെയിമിങിൻ്റെ ആദ്യത്തെ പടിയാണ് ഈ ചോദ്യങ്ങളുടെ മുന. തമാശയായി തുടങ്ങുന്നത് മുതൽ അവഹേളിക്കുന്ന തലത്തിലേയ്ക്ക് വരെ ബോഡി ഷെയിമിങ് കടന്നു ചെല്ലുന്നു എന്നതാണ് വസ്തുത. എന്നാൽ, ബോഡി ഷെയിമിങിൻ്റെ ഭീകരത അറിയുന്നത് സെലിബ്രിറ്റികളാണ്. അതിൽ പ്രധാനം നടിമാരും.
സിനിമയിൽ നിൽക്കുന്ന നടിമാർ/നടന്മാർ മെലിഞ്ഞ് ഇരിക്കുന്നവരായിരിക്കണം എന്ന ചിന്തയാണ് ഇത്തരം അതിരുകൾ കടക്കുന്ന ബോഡിഷെയിമിങിൻ്റെ അടിസ്ഥാനം. അടുത്തിടെ ബോഡിഷെയിമിങിന് ഇരയായ താരം നടി അപർണ്ണ ബാലമുരളിയാണ്. ദേശീയ നടിയായി തെരഞ്ഞെടുത്തതിന് പിന്നാലെ നിറഞ്ഞു നിന്ന അപർണ ബാലമുരളിയുടെ തടിച്ച ശരീരത്തെ പരിഹസിച്ചവരാണ് അധികവും.
എന്നാൽ, ഈ പരിഹാസങ്ങൾക്ക് അപർണ്ണ മറുപടിയും നൽകിയിരുന്നു. പിന്നീട് ചർച്ചയായത് നടൻ നിവിൻ പോളിയുടെ തടിയായിരുന്നു. താൻ ഭക്ഷണം കഴിക്കുന്നത് സ്വന്തം ഇഷ്ടത്തോടെയാണ്, തടി കൂടുന്നത് തന്നെ ബാധിക്കുന്നില്ലെന്നാണ് നിവിനും മറുപടി നൽകിയത്. മെലിഞ്ഞ് ഇരിക്കുന്ന ശരീരമാണ് സിനിമയ്ക്ക് വേണ്ടതെന്ന ധാരണകളെ പൊളിച്ചെഴുതിയ താരങ്ങളായിരുന്നു അപർണ്ണ ബാലമുരളിയും, നിവിൻ പോളിയും. ഇപ്പോൾ ബോഡി ഷെയിമിങിൻ്റെ ഒടുവിലത്തെ ഇരയാകുന്നത് നടി മഞ്ജിമ മോഹൻ ആണ്.
കഴിഞ്ഞ ദിവസമാണ് മഞ്ജിമയും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായായത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വിവാഹചിത്രങ്ങൾക്കു താഴെ വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് ആക്ഷേപങ്ങളാണ് മഞ്ജിമയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോൾ ഇത്തരം പരിഹാസങ്ങൾക്ക് മറുപടിയുമായി മഞ്ജിമയും പരസ്യമായി രംഗത്ത് വന്നു. മറ്റുള്ളവർ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മഞ്ജിമ പറഞ്ഞു.
വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു. എൻ്റെ ശരീരത്തിൽ ഞാൻ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാൽ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എൻ്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്ക്കേണ്ടി വന്നാൽ ഞാൻ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവർ അതോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് മഞ്ജിമ പറയുന്നു.