അഡ്വ. ചന്ദ്രുവായി നടൻ സൂര്യ എത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് ജയ് ഭീം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. സൂര്യ കേന്ദ്രകഥാപാത്രമായ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു ജയ് ഭീം. ഇരുള ഗോത്ര വിഭാഗങ്ങൾ നേരിട്ട ജാതി വിവേചനമായിരുന്നു ചിത്രത്തിൻ്റെ ഇതിവൃത്തം.
സൂര്യക്ക് പുറമേ മണികണ്ഠൻ, ലിജോ മോൾ ജോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ ജയ് ഭീമിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമാതാവ് രാജശേഖർ. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാജശേഖർ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ജയ് ഭീം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ജ്ഞാനവേലും അറിയിച്ചിരുന്നു. അനീതിക്കെതിരെയുള്ള പോരാട്ടത്തിന് നാം കൂട്ടുപിടിക്കേണ്ടത് ഭരണഘടനയാണെന്ന് ചിത്രീകരിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.