ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി നായകനായി എത്തിയ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിൻ്റെ ദൈർഘ്യം രണ്ട് മണിക്കൂറാക്കി ചുരുക്കി. രണ്ടര മണിക്കൂറിൽ നിന്നാണ് ചിത്രം രണ്ട് മണിക്കൂറിലേയ്ക്ക് ആക്കിയത്. ചിത്രത്തിൻ്റെ പുതിയ പതിപ്പിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീനാഥ് ഭാസി, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പൊളിറ്റിക്കൽ സറ്റയറായാണ് എത്തിയത്. നവംബർ 24നാണ് ചിത്രം എത്തിയത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
പ്രദീപ് കുമാർ കാവുംന്തറയാണ് ചിത്രത്തിൻ്റെ രചന. കണ്ണൂർ ജില്ലയിലെ ചിന്തമംഗലം എന്ന ഗ്രാമത്തെ ആധാരമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്. ‘ക്ലീൻ യു’ സർട്ടിഫിക്കറ്റ് നേടിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ സ്വീധിനിച്ചിട്ടുണ്ട്.