തിയേറ്ററുകളിൽ നിന്നും ഒടിടിയിലേക്കെത്തിയ ശേഷം പ്രേക്ഷകർ ഏറ്റെടുത്ത രണ്ട് സിനിമകളാണ് പത്മയും കുമാരിയും. രണ്ട് സിനിമകളെക്കുറിച്ചും സംസാരിക്കുമ്പോൾ പ്രേക്ഷകർക്ക് മനസിലേക്ക് ആദ്യം വരുന്ന മുഖം നടി സുരഭിലക്ഷ്മിയുടേതായിരിക്കും. മലയാളത്തിൽ ഇന്ന് തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്മി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുരഭി ഏവരുടെയും മനസുകളിൽ നിറഞ്ഞ് നിൽക്കുന്നത് മലബാറിന്റെ സൗന്ദര്യം എന്നറിയപ്പെട്ട ഭാഷാശൈലിയിലൂടെയാണ്.
ടെലിവിഷൻ, നാടക രംഗത്ത് നിന്ന് സിനിമാ ലോകത്തേയ്ക്ക് ചേക്കെറിയ താരം ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത് തൻ്റെ സ്ഥാനം ഉറപ്പിച്ചു. 2016ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങി മലയാള സിനിമാ ലോകത്തിൻ്റെ യശസ് ഉയർത്തി അഭിമാനമായ താരം കൂടിയാണ് സുരഭി. കൂടാതെ അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ മലയാളത്തിൻ്റെ പ്രിയങ്കരിയാണ് നടി സുരഭി ലക്ഷ്മി. അടുത്തിടെയാണ് നടൻ അനൂപ് മേനോൻ നിർമ്മാണം വഹിച്ച പത്മ തീയേറ്ററുകളിൽ എത്തിയത്.
ഭാര്യ ഭർത്താക്കന്മാരുടെ ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയത് സുരഭിയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. പത്മയിലെ സുരഭിയുടെ അഭിനയ മികവ് പ്രേക്ഷകെ തെല്ലും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. നിർമ്മാണത്തിന് പുറമെ, അനൂപ് മേനോൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പത്മ. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെട്ടതായിരുന്നു ചിത്രം.
നാട് വിട്ട് നഗരത്തിലെത്തി സുഖസൗകര്യങ്ങളിൽ മനംമടുത്ത് ഒന്നും മിണ്ടാതെ കഴിയേണ്ടി വരുന്ന വീട്ടമ്മയായിട്ടാണ് സുരഭി ലക്ഷ്മി ചിത്രത്തിൽ എത്തിയത്. അവളിൽ ഉണ്ടാകുന്ന മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്ന ചിത്രം പല വീട്ടമ്മമാരെയുമാണ് വരച്ചു കാണിച്ചത്. പത്മയിൽ എല്ലാം മനസിലൊതുക്കി ചിരിച്ച് കഴിയുന്ന പത്മയെയാണ് കണ്ടതെങ്കിൽ നടി ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ച കുമാരിയിൽ ആരും ഇതുവരെ കാണാത്ത മുഖമാണ് സുരഭി ലക്ഷ്മി സമ്മാനിച്ചത്.
ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തിയതോടെയാണ് സുരഭി ലക്ഷ്മി എന്ന നടിയുടെ അഭിനയ പാടവം പ്രേക്ഷകർ തിരിച്ചറിഞ്ഞത്. ചാത്തനെ ആരാധിക്കുന്നവളായി എത്തിയ സുരഭി കോഴിക്കോട്ടുകാരിയായിട്ടില്ല, മറിച്ച് കാട്ടിൽ വസിച്ച് ചാത്തനെ ആരാധിക്കുന്ന ഗോത്ര സ്ത്രീയായിരുന്നു. ആദ്യ കാഴ്ചയിൽ സുരഭി തന്നെയാണോ ഇത് എന്ന് തോന്നിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
അതുപോലെ, തൻ്റെ മാസ്റ്റർപീസായ കോഴിക്കോട് ഗ്രാമീണ ഭാഷയെ മാറ്റി നിർത്തി പ്രത്യേകതരം സംസാരരീതിയാണ് സുരഭി ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തനി ഗോത്രവിഭാഗക്കാരിയായി മാറുകയായിരുന്നു യഥാർത്ഥത്തിൽ അവർ. കണ്ണുകൾ വരെ ചിത്രത്തിലെ കഥാപാത്രത്തിന് അനുസരിച്ച് ചലിച്ചു എന്നതും ശ്രേദ്ധയമാണ്. മലയാള സിനിമാ ലോകത്തിന് ഇന്ന് ഒഴിച്ചു കൂടാനാവാത്ത നടിയാണ് സുരഭി ലക്ഷ്മി എന്ന് നിശേഷം പറയാൻ മേൽപറഞ്ഞ പത്മ, കുമാരി എന്ന ചിത്രങ്ങളിലൂടെ പറയാൻ സാധിക്കും എന്നതിൽ സംശയമില്ല.